പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചന: അമിത് ഷാ
Pegasus Project
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചന: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th July 2021, 8:25 pm

ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചനയാണെന്ന് അമിത് ഷാ പറഞ്ഞു.

വിഘടനവാദികള്‍ക്കും പ്രതിലോമകാരികള്‍ക്കും ഇന്ത്യയുടെ വികസനക്കുതിപ്പ് തടയാനാവില്ലെന്നും
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വികസനത്തിന് പുതിയമാനം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.


തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ ഫോണും ചോര്‍ത്തിയതായാണ് വിവരം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഞ്ജയ കച്ചാരുവിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡന പരാതി ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Amit Shah On Pegasus Scandal