കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയെ ടൂറിസ്റ്റ് നേതാവ് എന്നാണ് അമിത് ഷാ പരിഹസിച്ച് അഭിസംബോധന ചെയ്തത്.
ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ മറുപടി. ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും അധികാരത്തില്‍ ഏറ്റരുതെന്നും വിദ്വേഷം പടര്‍ത്തലും ആളുകളെ തമ്മിലടിപ്പിക്കലും ബി.ജെ.പിയുടെ ഡി.എന്‍.എയില്‍ ഉള്ളതാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാല്‍ ബി.ജെ.പിയുടെ ഡി.എന്‍.എയില്‍ വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയാണെന്നാണ് അമിത് ഷാ പ്രതികരിച്ചത്.
‘രാജ്യത്ത് ഒരു ടൂറിസ്റ്റ് നേതാവുണ്ട്. പല ഘട്ടങ്ങളിലുമുള്ള പോളിംഗ് അവസാനിച്ചുവെങ്കിലും രാഹുല്‍ ബാബയെ എങ്ങും കണ്ടില്ല. രാഹുല്‍ ബാബ ബി.ജെ.പിയുടെ ഡി.എന്‍.എയെക്കുറിച്ച് ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു – ഡി എന്നത് വികസനത്തെ സൂചിപ്പിക്കുന്നു, എന്‍ ദേശീയതയെ സൂചിപ്പിക്കുന്നു, എ ആത്മനിര്‍ഭര്‍ ഭാരതിനെ സൂചിപ്പിക്കുന്നു. ഇതാണ് ബി.ജെപിയുടെ ഡി.എന്‍.എ,’ അമിത് ഷാ പറഞ്ഞു.
അതേസമയം, ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ബംഗാളിലെ മതുവ വിഭാഗത്തെ പൗരത്വ നിയമപരിധിയ്ക്കുള്ളില്‍ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഷായുടെ പ്രഖ്യാപനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക