ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റെ ഭാഗമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. 14 സീസണിലും ആരാധകര്‍ക്കാവശ്യമുള്ള എന്റെടെയ്ന്‍മെന്റ് മാത്രം നല്‍കാനും ഒരിക്കല്‍ പോലും കപ്പുയര്‍ത്താന്‍ ഭാഗ്യം ലഭിക്കാതെ പോയ ടീമാണ് ആര്‍.സി.ബി.
രണ്ടാം സീസണിലും 2011ലും 2016ലും ബെംഗളൂരു ഫൈനലിലെത്തിയിരുന്നു. രണ്ടാം സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടും 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍ക്കാനായിരുന്നു വിധി.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന ക്യാച്ച് ഫ്രെയ്‌സ് പോലെ ആര്‍.സി.ബി ആരാധകര്‍ക്കും അത്തരത്തിലൊന്നുണ്ട്. ഈ സീസണിലെങ്കിലും കപ്പെടുക്കും എന്ന് അര്‍ത്ഥം വരുന്ന ‘ഈ സാല കപ്പ് നംദേ’ എന്നതാണ് അവരുടെ ക്യാച്ച് ഫ്രെയ്‌സ്.
സീസണും വര്‍ഷവും മാറി മാറി വരുന്നതല്ലാതെ ഒരു കപ്പെടുക്കാന്‍ ടീമിനോ, സ്വന്തം ടീം കപ്പെടുക്കുന്നത് കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കോ ഉണ്ടായിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തിലെ ഒരു ആരാധികയുടെ ചിത്രം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
‘ബെംഗളൂരു കപ്പെടുക്കുന്നത് വരെ താന്‍ കല്യാണം കഴിക്കില്ല’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആരാധിക കളി കാണാനെത്തിയത്. നിമിഷനേരം കൊണ്ടാണ് ‘തോല്‍ക്കാന്‍ മനസില്ലാത്ത’ ആരാധിക ഐ.പി.എല്ലിലെ സജീവ ചര്‍ച്ചയായത്.
ഇതിന് പിന്നാലെയാണ് റെഡ് ആര്‍മിയുടെ ആരാധികയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര രംഗത്തെത്തിയത്. ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ആരാധികയുടെ ചിത്രം പങ്കുവെച്ച് ‘ഇവളുടെ മാതാപിതാക്കളുടെ കാര്യം ആലോചിച്ച് വലിയ ആശങ്കയുണ്ട്’ എന്നായിരുന്നു മിശ്ര ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെടാനായിരുന്നു ആര്‍.സി.ബിയുടെ വിധി. ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയച്ച ബെംഗളൂരു നായകന്റെ തീരുമാനം തെറ്റിക്കുന്ന പ്രകടനമായിരുന്നു ചെന്നൈ പുറത്തെടുത്തത്.