ധാർമിക മൂല്യമുള്ളവർ സ്വതന്ത്രരായ മനുഷ്യർ ; ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്
Ayodhya Ram Mandir
ധാർമിക മൂല്യമുള്ളവർ സ്വതന്ത്രരായ മനുഷ്യർ ; ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 12:12 pm

 

കൊച്ചി : ബാബരി മസ്ജിദിന്റെ ചിത്രം പങ്കു വെച്ച് അമൽ നീരദ്. ധാർമിക മൂല്യമുള്ളവർ സ്വതന്ത്രരായ മനുഷ്യരാണ് എന്ന അടികുറിപ്പോട്
കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ കേന്ദ്ര സർക്കാർ ഇടപെടലിലൂടെ രാമക്ഷേത്രം ഉദ്‌ഘാടനം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് അമൽ നീരദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘മൂല്യബോധം എളുപ്പത്തിൽ പണയം വെക്കാൻ പറ്റും. പക്ഷേ അതു മാത്രമാണ് ശരിക്കും നമുക്ക് സ്വന്തമായുള്ളത്. നമ്മിൽ അവശേഷിക്കുന്നത് അതു മാത്രമായിക്കും. പക്ഷേ, ആ ധാർമിക ബോധ്യമുള്ളവർ സ്വതന്ത്രരായ മനുഷ്യരാണ്.’ അമൽ നീരദ് ഫേസ്ബുക്കിൽ കുറിച്ചു.
നിരവധിപേരാണ് താരത്തിന്റെ നിലപാടിനെ അഭിനന്ദിച്ച് കമന്റ് ചെയുന്നത്.

നേരത്തെ സിനിമ താരങ്ങളായ പാർവതി തിരുവോത്ത് ,റിമ കല്ലിങ്കൽ സംവിധായകർ ആഷിഖ്‌ അബു, കമൽ എന്നിവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു. ഗായകൻ വിധു പ്രതാപ് ‘മതം ആശ്വാസമാണ് ആഘോഷം അല്ല,’ എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം ‘രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വതന്ത്രം എന്നെന്നേക്കുമായി നഷ്ടപ്പെടും’ എന്ന അംബേദ്‌കറിന്റെ വാക്കുകൾ പങ്കുവെച്ചാണ് നടൻ ഷെയ്ൻ നിഗം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പണിത രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെയാണ് അയോധ്യയിൽ നടന്നത്. സിനിമ കായിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബി.ജെ.പി രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ശ്രീരാമനെ ഉപയോഗിക്കുകയാണ് എന്ന വിമർശനത്തിനിടെയാണ് അമൽ നീരദ് അടക്കമുള്ള താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Content Highlight: Amal Neerad  reacted on Ram Temple consecration