Kerala
പിന്തുണ ആര്‍.എം.പിക്ക്; ഇടതുപക്ഷമെന്നാല്‍ സി.പി.ഐ.എം അല്ല: പുറവില്‍ കണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 29, 02:34 pm
Saturday, 29th March 2014, 8:04 pm

[share]

[]ഒഞ്ചിയം: ഇടതുപക്ഷമെന്നാല്‍ സി.പി.ഐ.എം അല്ലെന്ന് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍. തന്റെ പിന്തുണ ആര്‍.എം.പിക്ക് തന്നെയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ശരിയായ ഇടതുപക്ഷം വിജയിച്ചുവരണമെന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ സി.പി.ഐ.എമ്മിനെ പിന്തുണക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ്
മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പിന്തുണ വ്യക്തമാക്കിയ പുറവില്‍ കണ്ണന്‍ ആര്‍.എം.പിയോടുള്ള വിയോജിപ്പ് പ്രകടമാക്കുകയും ചെയ്തു. ശരിയായ ഇടതുപക്ഷം കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച ചന്ദ്രശേഖരനെ കുറിച്ച് പുസ്തകമെഴുതേണ്ടത് സുഹൃത്തുക്കളാണ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണനല്ല.

കോണ്‍ഗ്രസുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി.പിയെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് കാശാക്കുകയാണ്. അതിന് നമ്മള്‍ കൂട്ടുനിന്നുകൂട- അദ്ദേഹം വ്യക്തമാക്കി. കെ.കെ രമ പുസ്തകത്തിന് ആമുഖമെഴുതിയത് പേരെടുത്തു പറയാതെ പുറവില്‍ കണ്ണന്‍ വിയോജിച്ചു.

അഭിപ്രായവ്യത്യസങ്ങള്‍ മാറ്റിവെച്ച് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ.എം വിജയിക്കണമെന്നും പുറവില്‍ കണ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

റെവലൂഷ്യനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തോടെ സി.പി.ഐ.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചയാളാണ് പുറവില്‍ കണ്ണന്‍. വി.എസിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സി.പി.ഐ.എം നശിച്ചു കാണാന്‍ വി.എസ് ഒരിക്കലും ആഗ്രഹിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.