Kerala News
വീണ്ടും കേരളം; ഇന്ത്യ ടുഡേയുടെ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സര്‍വേയില്‍ ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
21 hours ago
Saturday, 22nd March 2025, 8:42 am

ന്യൂദൽഹി: പൗരന്മാരുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ ഒന്നാമതെത്തി കേരളം. പൗരന്മാരുടെ പെരുമാറ്റം, സുരക്ഷ, ജൻഡർ ആറ്റിറ്റ്യൂഡ്, വൈവിധ്യവും വിവേചനവും തുടങ്ങിയ സാമൂഹ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയറിൽ സർവേയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

തമിഴ്‌നാടും പശ്ചിമ ബംഗാളുമാണ് തൊട്ട് പിന്നിലുള്ളത്. സർവേയിൽ ഉത്തർപ്രദേശും പഞ്ചാബുമാണ് ഏറ്റവും താഴ്ന്ന സൂചികയിലുള്ളത്. ഹൗ ഇന്ത്യ ലിവ്‌സുമായി സഹകരിച്ചാണ് ഇന്ത്യ ടുഡേയുടെ ഈ സർവേ നടത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പൗര-സാമൂഹിക മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്ക് റാങ്ക് നൽകിയിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളിൽ നിന്നുള്ള 9,188 ആളുകളിൽ നിന്നാണ് സർവേയിലേക്കുള്ള വിവരങ്ങൾ ശേഖരിച്ചത്.

മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്. ചണ്ഡീ​ഗഡ്, തെലങ്കാന എന്നിവയാണ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

പൗരന്മാരുടെ പെരുമാറ്റമെന്ന സൂചികയിൽ പൊതു നിയമങ്ങൾ എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നാണ് നോക്കിയത്. ഈ സർവേയിൽ പങ്കെടുത്തവരിൽ 85 ശതമാനം പേരും പൊതുഗതാഗതം പണം നൽകാതെ ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2023-24 ൽ റെയിൽവേയിൽ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 3.6 കോടി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നായി മാത്രം 2,231.74 കോടി രൂപ പിഴ ഇതുവരെ ഈടാക്കിയിട്ടുണ്ടെന്നും കണക്കുകൾ കാണിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനം പേരും സർക്കാർ സംബന്ധമായ കാര്യങ്ങൾ ചെയ്തു തീർക്കാൻ കൈക്കൂലി നൽകാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശാണ് ഈ പട്ടികയിൽ ഒന്നാമത്. അതുപോലെ, നികുതി ഒഴിവാക്കാൻ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് പണമായി നൽകാൻ 52 ശതമാനം പേർ തയ്യാറാണെന്നും സർവേയിൽ കണ്ടെത്തി. സർക്കാരിന്റെ കൃത്യ നിർവ്വഹണത്തിലെ പരാജയത്തെയും ഉത്തരവാദിത്തമില്ലായമയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് റിപ്പോർട്ട് പറഞ്ഞു.

അതേസമയം സർവേയിൽ പങ്കെടുത്തവരിൽ 76% പേരും നേരിട്ട് പണം നൽകുന്നതിനേക്കാൾ ഓൺലൈൻ പേയ്‌മെന്റുകളാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. വിവാദമായ നോട്ട് നിരോധനത്തിന് ശേഷമാണ് ഈ പ്രവണത ഉടലെടുത്തതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ പേയ്‌മെന്റുകൾ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ദൽഹിയാണ് മുന്നിൽ.

ജൻഡർ ആറ്റിറ്റ്യൂഡ് എന്ന സൂചികയിൽ നടന്ന സർവേയിൽ 93 ശതമാനം പേരും പെൺകുട്ടികൾക്ക് ആൺകുട്ടികളെപ്പോലെ തന്നെ വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കണമെന്ന് പറഞ്ഞു. ഒപ്പം 84 ശതമാനം പേർ സ്ത്രീകൾ സ്വന്തം സംസ്ഥാനത്തിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനെ പിന്തുണച്ചു. പക്ഷേ പ്രധാന ഗാർഹിക തീരുമാനങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുരുഷന്മാരാണെന്ന് 69% പേരും ഇപ്പോഴും വാദിക്കുന്നുണ്ടെന്ന് സർവേ വെളിപ്പെടുത്തി. ജൻഡർ ആറ്റിറ്റ്യൂഡ് സർവേയിൽ ഒന്നാമതുള്ളത് കേരളവും ഏറ്റവും പിന്നിലുള്ളത് ഉത്തർപ്രദേശുമാണ്.

പൊതുസുരക്ഷാ സൂചികയിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നടന്നാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുമെന്ന് 84% പേർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ദൽഹി പോലുള്ള നഗരങ്ങളിൽ എഫ്.ഐ.ആർ രജിസ്ട്രേഷൻ വളരെ കുറവാണെന്നും അത് സിസ്റ്റത്തിലുള്ള വിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. മോഷണത്തിന് ഇരയായവരിൽ 7.2% പേർ മാത്രമേ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്‌നാടാണെന്നും ഏറ്റവും മോശം സംസ്ഥാനം കർണാടകയാണെന്നും സർവേ വ്യക്തമാക്കുന്നു. കർണാടകയിൽ പ്രതികരിച്ചവരിൽ 79 ശതമാനം പേരും പീഡനം ഒരു പതിവ് പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു.

വൈവിധ്യവും വിവേചനവുമെന്ന സൂചികയിൽ കേരളമാണ് ഒന്നാമത്. സർവേയിൽ പങ്കെടുത്ത 70% പേരും തങ്ങളുടെ അയൽപക്കങ്ങളിൽ വ്യത്യസ്ത മതവിഭാഗത്തിലുള്ളവർ ഉണ്ടാകുന്നത് സ്വാഗതം ചെയ്യുന്നതായി കണ്ടെത്തി. 60% പേർ ജോലിസ്ഥലത്തെ നിയമനത്തിൽ മതപരമായ വിവേചനം എതിർക്കുന്നു. മതത്തെ അടിസ്ഥാനമാക്കി തൊഴിലുടമകൾ വിവേചനം കാണിക്കുന്നത് 88% പേർ എതിർക്കുന്നു.

പക്ഷേ മിശ്രവിവാഹങ്ങൾക്കും മിശ്രജാതി വിവാഹങ്ങൾക്കും വലിയ എതിർപ്പ് ഉള്ളതായി സർവേ കണ്ടെത്തി. ഇത് ഇന്ത്യയുടെ ആഴത്തിലുള്ള സാമൂഹിക വിഭജനത്തെ അടിവരയിടുന്നു. പ്രതികരിച്ചവരിൽ 61% പേർ മിശ്രവിവാഹങ്ങളെ എതിർക്കുമ്പോൾ 56% പേർ മിശ്രജാതി വിവാഹങ്ങളെ എതിർക്കുന്നു.

 

 

Content Highlight: Mapping India’s GDB: Survey reveals how states fare in social behaviour