Entertainment
മികച്ച കഥയും സിനിമയുമാണ്, അതിലെ എന്റെ കഥാപാത്രത്തെ മാത്രമാണ് ആളുകള്‍ ട്രോളുന്നത്, ഞാനത് എന്‍ജോയ് ചെയ്യുന്നുണ്ട്: വിനീത്

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

വിനീതിനെ നായകനാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാംബോജി. കഥകളി പശ്ചാത്തലമാക്കി വന്ന ചിത്രം ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ സൈബറിടങ്ങളില്‍ കാംബോജി ഒരുപാട് ട്രോളിന് വിധേയമായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ട്രോളുകളെപ്പറ്റി സംസാരിക്കുകയാണ് വിനീത്.

വളരെ മികച്ച കഥയാണ് ആ സിനിമയുടേതെന്നും നല്ല രീതിയില്‍ ആ ചിത്രം എടുത്തിട്ടുണ്ടെന്നും വിനീത് പറഞ്ഞു. തന്റെ കഥാപാത്രത്തെയാണ് ആളുകള്‍ ട്രോളുന്നതെന്നും കഥകളി രംഗങ്ങളിലെ തന്റെ പെര്‍ഫോമന്‍സാണ് അതിന് കാരണമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അനുരാഗസിങ്കം എന്ന ടൈറ്റില്‍ വെച്ചാണ് കൂടുതല്‍ ട്രോളുകള്‍ വരുന്നതെന്നും വിനീത് പറയുന്നു.

എല്ലാ ട്രോളുകളും താന്‍ കാണാറുണ്ടെന്നും അതെല്ലാം തന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ടായിരുന്നെന്നും വിനീത് പറഞ്ഞു. തജം തകജം എന്നും തന്നെ പലരും വിളിക്കാറുണ്ടെന്നും അതെല്ലാം ട്രോളിന്റെ സെന്‍സില്‍ മാത്രമേ എടുക്കാറുള്ളൂവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അതെല്ലാം മാറ്റിനിര്‍ത്തിയാല്‍ നല്ലൊരു സിനിമയാണ് കാംബോജിയെന്നും വിനീത് പറഞ്ഞു. സമകാലികം മലയാളത്തോട് സംസാരിക്കുകയായിരുന്നു വിനീത്.

‘കാംബോജിക്ക് ട്രോളുകള്‍ കിട്ടുന്നത് അതൊരു മോശം സിനിമയായതുകൊണ്ടല്ല. ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും നല്ല സിനിമകളിലൊന്നാണത്. ആ പടത്തിലെ എന്റെ ക്യാരക്ടറിനെ മാത്രമാണ് ട്രോളുന്നത്. ആ കഥകളി ആര്‍ട്ടിസ്റ്റിന്റെ കഥാപാത്രത്തെ മാത്രമേ ട്രോളുന്നുള്ളൂ. അനുരാഗസിങ്കം എന്ന ടൈറ്റില്‍ വെച്ചിട്ടാണ് എല്ലാ ട്രോളുകളും.

പല ട്രോളുകളും ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ എങ്ങനെ ഉണ്ടാക്കി എന്നാലോചിച്ച് ചിരിക്കാറുണ്ട്. ആ ‘തജം തകജം’ ട്രോളൊക്കെ കണ്ട് ചിരിച്ച് ഒരു പരുവമായിട്ടുണ്ട്. അതെല്ലാം ആ ഒരു സെന്‍സില്‍ മാത്രമേ എടുക്കാറുള്ളൂ. അതെല്ലാം മാറ്റിനിര്‍ത്തി നോക്കിയാല്‍ കാംബോജി നല്ലൊരു സിനിമ തന്നെയാണ്. നല്ല കഥയും പാട്ടുമൊക്കെ സിനിമയാണത്,’ വിനീത് പറയുന്നു.

Content Highlight: Vineeth about the trolls he got for Kambhoji movie