Sports News
സെലക്ഷന്‍ തന്റെ കയ്യിലല്ല, ലക്ഷ്യം മറ്റൊന്ന്‌; തുറന്ന് പറഞ്ഞ് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
23 hours ago
Saturday, 22nd March 2025, 8:20 am

2025 ഐപിഎല്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തിരിപ്പ് മാത്രമാണുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്.

എന്നിരുന്നാലും ആരാധകര്‍ ഫാന്‍ ഫേവറേറ്റായ ടീമുകളുടെ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. അത്തരത്തിലൊരു ടീമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് കിങ്സ്. ഐ.പി.എല്ലിന്റെ 18ാം പതിപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ടീം കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 25ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം.

ഇപ്പോള്‍ ടൈറ്റന്‍സിന്റെ ഫാസ്റ്റ് ബൗളറാണ് മുഹമ്മദ് സിറാജ് മത്സരങ്ങള്‍ക്ക് മുമ്പ് തന്റെ ലക്ഷ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി 2025 ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന്റ ഭാഗമാകാന്‍ സിറാജിന് സെലക്ഷന്‍ ലഭിച്ചില്ലായിരുന്നെന്നും, എന്നാല്‍ സെലക്ഷന്‍ തീരുമാനിക്കുന്നത് താനല്ലെന്നും അന്താരാഷ്ട്ര പരമ്പരകള്‍ ഇനിയും വരാനുണ്ടെന്നും സിറാജ് പറഞ്ഞു. മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം കിരീടം നേടിക്കൊടുക്കുന്നതാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും താരം പറഞ്ഞു.

നോക്കൂ, സെലക്ഷന്‍ എന്റെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍, എനിക്ക് ഒരു ക്രിക്കറ്റ് ബോള്‍ മാത്രമേയുള്ളൂ, അത് പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സെലക്ഷനെക്കുറിച്ചുള്ള ചിന്തകളാല്‍ എന്നെത്തന്നെ ഭാരപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്ക് ഇഷ്ടം.

ഒരു കളിക്കാരനെന്ന നിലയില്‍, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനവും ഏഷ്യാ കപ്പും മനസിലുണ്ട്. എന്നാല്‍ സത്യം പറഞ്ഞാല്‍, ഇപ്പോള്‍ എന്റെ പ്രധാന മുന്‍ഗണന ഐ.പി.എല്‍ ആണ്. ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും,’ സിറാജ് പറഞ്ഞു.

നിലവില്‍ ഐ.പി.എല്ലില്‍ 93 മത്സരങ്ങള്‍ കളിച്ച സിറാജ് 30.3 ആവറേജില്‍ 93 വിക്കറ്റുകളാണ് നേടിയത്. 2024 സീസണില്‍ 15 വിക്കറ്റുകളാണ് സിറാജ് നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയായിരുന്നു താരം കഴിഞ്ഞ സീസണില്‍ കളിച്ചത്. എന്നാല്‍ 2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാ ലേലത്തില്‍ ഗുജറാത്ത് സിറാജിനെ സ്വന്തമാക്കുകയായിരുന്നു.

Content Highlight: Mohammad Siraj Talking About His Indian Team Selection And Gujarat Titans