പുതിയ ചിത്രമായ ഗോള്‍ഡിനെ കുറിച്ച് വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധാനയകന്‍ അല്‍ഫോണ്‍ പുത്രന്‍. തന്നോടും സിനിമയോടുമുള്ള കുശുമ്പും പുച്ഛവുമാണ് നെഗറ്റീവ് റിവ്യൂസിലുള്ളതെന്നാണ് അല്‍ഫോണ്‍സിന്റെ വാക്കുകള്‍.
നേരത്തിന്റെയും പ്രേമത്തിന്റെയും രണ്ടാം ഭാഗമല്ല, ഗോള്‍ഡ് എന്ന പേരില്‍ പുതിയ ഒരു ചിത്രമാണ് താന്‍ ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗോള്‍ഡിനെ ചായയോട് ഉപമിച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് സംസാരിക്കുന്നത്. ചായയുടെ മധുരം കൂടിയോ കുറഞ്ഞോ, പാലില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നിങ്ങനെ കൃത്യമായി പറയുന്ന വിമര്‍ശനങ്ങള്‍ തനിക്ക് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഊള ചായ, വൃത്തികെട്ട ചായ എന്നിങ്ങനെയുള്ള കമന്റുകളിലൂടെ ചിലരുടെ ഈഗോ മാത്രമാണ് ജയിക്കുന്നതെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.
‘ഗോള്‍ഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവര്‍ക്ക്.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല്‍ കൂടിയോ കുറഞ്ഞോ? പാല്‍ കേടായോ, കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു… എന്ന് പറഞ്ഞാല്‍ ചായ ഉണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോള്‍ ഉപകരിക്കും.
അയ്യേ ഊള ചായ, വൃത്തികെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2, പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമക്ക് പേരിട്ടത്. ഗോള്‍ഡ് എന്നാണ്,’ അല്‍ഫോണ്‍സ് പറയുന്നു.
താനും ഗോള്‍ഡ് സിനിമയില്‍ പ്രവര്‍ത്തിച്ച ആരും പ്രേക്ഷകരെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, അവരുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല ഈ സിനിമയെന്നും ഇനിയും തന്നെയും തന്റെ ടീമിനെയും സംശയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡ് വ്യത്യസ്തമായി എടുക്കാമായിരുന്നു എന്നുള്ള അഭിപ്രായങ്ങളില്‍ അര്‍ത്ഥമില്ലെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.
‘ ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു, ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്,’ അല്‍ഫോണ്‍സ് പറഞ്ഞു.
ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡ് തിയേറ്ററുകളിലെത്തിയത്. പ്രേമം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരുന്നത്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമയെന്ന ഹൈപ്പും ചിത്രത്തിനുണ്ടായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിരാശപ്പെടുത്തിയെന്നായിരുന്നു ഗോള്‍ഡിനെ കുറിച്ച് വന്ന പ്രധാന പ്രതികരണം. കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും ആധിക്യവും നയന്‍താര പോലൊരു അഭിനേത്രിക്ക് തികച്ചും അപ്രധാനമായ കഥാപാത്രസൃഷ്ടി നടത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.
Content Highlight: Alphonse Puthren’s response to criticism against Gold Movie