പ്രവീണ്‍ സൂദിന് പകരക്കാരനായി അലോക് മോഹന്‍; കര്‍ണാടകയിലെ പുതിയ ഇടക്കാല പൊലീസ് മേധാവിയെക്കുറിച്ച് അറിയാം
national news
പ്രവീണ്‍ സൂദിന് പകരക്കാരനായി അലോക് മോഹന്‍; കര്‍ണാടകയിലെ പുതിയ ഇടക്കാല പൊലീസ് മേധാവിയെക്കുറിച്ച് അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 5:07 pm

ബെംഗളൂരു: ഐ.പി.എസ് ഓഫീസര്‍ അലോക് മോഹന് ഡയറക്ടര്‍ ജനറല്‍ & ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ അധിക ചുമതല കൂടി നല്‍കി കര്‍ണാടക സര്‍ക്കാര്‍. ഡി.ഐ.ജി ആയിരുന്ന പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടര്‍ ആയി നിയമിച്ചതിന് പിന്നാലെയായിരുന്നു അലോക് മോഹന് ചുമതല നല്‍കിയത്.

അലോക് മോഹന്‍ ഡി.ജി കമാന്‍ഡന്റ് ജനറല്‍, ഫയര്‍ ഫോഴ്‌സ് മേധാവി, പ്രത്യേക ദുരന്ത നിവാരണ സേന മേധാവി എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടിട്ടുണ്ട്. മോഹന്‍ മെയ് 22നാണ് ചുമതലയേല്‍ക്കുക. മെയ് 25ന് സി.ബി.ഐ ഡയറക്ടറായി പ്രവീണ്‍ സൂദും ചുമതലയേല്‍ക്കും.

പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ സ്ഥിരം തലവനെ നിയമിക്കുന്നത് വരെ അലോക് മോഹന്‍ ഇടക്കാല സംസ്ഥാന പോലീസ് മേധാവിയായി തുടരും.

‘ഇടക്കാല സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ അലോക് മോഹന്‍ ഇന്ന് താനുമായി കൂടിക്കാഴ്ച നടത്തി. എനിക്ക് ആശംസകള്‍ നേര്‍ന്നു’ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച് ഡി.ജി.പിമാരുടെ ലിസ്റ്റ് സര്‍ക്കാര്‍ യു.പി.എസ്.സിക്ക് നല്‍കും. തുടര്‍ന്ന് ലിസ്റ്റിലെ മുതിര്‍ന്ന മൂന്ന് ഓഫീസര്‍മാരെ തെരഞ്ഞെടുത്ത് യു.പി.എസ്.സി സര്‍ക്കാരിന് തന്നെ തിരിച്ചയക്കും. ഇവയില്‍ നിന്നും ഒരാളെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുക.

ഐ.ഐ.ടി റൂര്‍ക്കിയിലെയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന അലോക് മോഹന്‍ 1984ലാണ് ഐ.പി.എസില്‍ ചേരുന്നത്. വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റ് പൊലീസ് മെഡല്‍, മികച്ച സേവനത്തിന് പ്രസിഡന്റ് പൊലീസ് മെഡല്‍ തുടങ്ങി നിരവധി ദേശീയ,അന്തര്‍ദേശീയ മെഡലുകള്‍ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പൊലീസ് ടാസ്‌ക് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ആയിരിക്കെ യു.എന്‍ സമാധാന മെഡലും നേടിയിട്ടുണ്ട്.

CONTENTHIGHLIGHT: Alok Mohan given additional charge as interim karnataka DGP