അലനും താഹയും 'നഗരമാവോയിസ്റ്റുകള്‍' കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്; വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ്
Kerala News
അലനും താഹയും 'നഗരമാവോയിസ്റ്റുകള്‍' കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്; വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2019, 10:21 am

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്ന് പൊലീസ്. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ് രംഗത്ത് എത്തിയത്.

അതിനിടെ അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.പി ദാസന്‍ പങ്കെടുത്ത യോഗത്തിലാണ് ഏരിയാ കമ്മറ്റിയുടെ വിമര്‍ശനം. ടി.ദാസന്‍, സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്ന് പറഞ്ഞ് പൊലീസ് എടുത്തത് മകന്റെ ടെക്സ്റ്റ് ബുക്കുകളാണെന്നും താഹയുടെ അമ്മ ജമീല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുദ്രാവാക്യം വിളിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചെന്നും ഇവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടയിരുന്നു. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകനാണ്.

പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചതാണ് ഇരുവര്‍ക്കുമെതിരായ കേസിനാധാരം. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് നേരത്തെ വിശദീകരണം തേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്ന് കോഴിക്കോട് അറസ്റ്റിലായ അലനും താഹ ഫസലും പ്രതികരിച്ചിരുന്നു.

തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

DoolNews Video