ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപണം; ബി.ബി.സിക്കെതിരെ കേസെടുത്ത് ഇ.ഡി
national news
ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപണം; ബി.ബി.സിക്കെതിരെ കേസെടുത്ത് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2023, 1:31 pm

ന്യൂദല്‍ഹി: ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് ബി.ബി.സിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. 59 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയായിരുന്നു ബി.ബി.സി ഓഫീസുകളില്‍ നടന്നത്.

രാജ്യത്ത് നിന്ന് ബി.ബി.സി ബിസിനസിലൂടെ സ്വരൂപിച്ച ലാഭം വകമാറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് ഉന്നയിച്ചിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടും ബി.ബി.സിയില്‍ നിയമലംഘനം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഇ.ഡി നടപടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു.

ബി.ബി.സിയുടെ അഡ്മിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെയും മുതിര്‍ന്ന രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോധ്ര കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയായ ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ബി.സിക്കെതിരെ ശക്തമായ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഗുജറാത്ത് കലാപം നടക്കുന്നത്. ആയിരത്തോളം മനുഷ്യരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കിന്റെ ഇരട്ടിയോളം പേര്‍ കൊല്ലപ്പെട്ടതായും മുസ്‌ലിം വംശഹത്യ ലക്ഷ്യമിട്ട്‌ കൊണ്ടുള്ള ഹിന്ദുത്വവാദികളുടെ ആക്രമണമായിരുന്നു ഗുജറാത്തില്‍ നടന്നതെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

ജനുവരിയിലാണ് ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ നിരോധിക്കുന്നത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളോട് ഇന്ത്യന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും രാജ്യത്തുടനീളം ഇതിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ പല സര്‍വകലാശാലകളിലും ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടന്നിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുകളെടുത്തിരുന്നു.

Content Highlights: Alleged Violation of FEMA Act; E.D. filed a case against BBC