വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനമില്ല; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്നും സര്‍വ്വകക്ഷി യോഗം
Kerala News
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനമില്ല; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്നും സര്‍വ്വകക്ഷി യോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 2:05 pm

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്ന അഭിപ്രായം.

അതേസമയം വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. ജില്ലാടിസ്ഥാനത്തില്‍ രോഗവ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യോഗത്തില്‍ തീരുമാനമായി.

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തില്‍ പൊതുവായി ഉയര്‍ന്നുവന്നു. ഈ അഭിപ്രായത്തോട് എല്ലാ കക്ഷികളും അനുകൂല നിലപാടാണ് അറിയിച്ചത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനോട് താത്പര്യമില്ലെന്ന് പ്രതിപക്ഷം സര്‍വ്വകക്ഷിയോഗത്തിന് പങ്കെടുക്കുന്നതിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു.

സമ്പൂര്‍ണ ലോക്ക്ഡൗണിനോട് യു.ഡി.എഫിന് യോജിപ്പില്ലെന്നും എന്നാല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് സ്വീകാര്യമാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

‘ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പൊതുവായ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും വേണം. ഞായറാഴ്ചത്തെ നിയന്ത്രണം നന്നായി, അതുപോലുള്ളവ ആവാം. പക്ഷേ കേരളം അടച്ചിടുന്ന നിലവന്നാല്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. അത്രമാത്രം രൂക്ഷമായ വ്യാപനുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പറയുമ്പോള്‍ ഞങ്ങളുടെ പ്രതികരണം അപ്പോള്‍ പറയാം’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All party meeting decisions over covid restriction in Kerala