ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ച് സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനേയും കണ്ട ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.
അതേസമയം താന്‍ അമരീന്ദറിന്റെ ഒപ്പമാണെന്ന സൂചനയും അദ്ദേഹം നല്‍കി. അമരീന്ദര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നായിരുന്നു ഹരീഷ് റാവത്ത് പറഞ്ഞത്.
‘ഞാന്‍ ഒന്നും ഒളിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചാബ് കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച പ്രകടനമാണ്,’ അദ്ദേഹം പറഞ്ഞു.
എല്ലാവരുടേയും കാഴ്ചപാടുകള്‍ വ്യത്യസ്തമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ദുവുമായി സംഘടനാതലത്തില്‍ വേണ്ട അഴിച്ചുപണികളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സിദ്ദുവിന്റെ ഉപദേശകര്‍ നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. അടുത്തിടെയാണ് സിദ്ദുവിന്റെ ടീമിലേക്ക് മല്‍വീന്ദര്‍ സിംഗ് മാലി, പ്യാരെ ലാല്‍ ഗാര്‍ഗ് എന്നിവരെത്തിയത്.
സിദ്ദു തന്റെ ഉപദേശകരെ നിലയ്ക്ക് നിര്‍ത്താന്‍ തയാറാകണം എന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവന സിദ്ദുവിനെ വളരെയധികം ചൊടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ സിദ്ദുവിന്റെ ഉപദേശകരില്‍ ഒരാള്‍ രാജി വെക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ കശ്മീരികളുടേതാണെന്നും വേറെ രാജ്യമാണെന്നുമായിരുന്നു മാലിയുടെ പ്രസ്താവന. പാകിസ്ഥാനെതിരായ പ്രസ്താവനകളില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിട്ടുനില്‍ക്കണമെന്നായിരുന്നു പ്യാരെ ലാല്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഉപദേശകരെ നിലയ്ക്ക് നിര്‍ത്തണം എന്ന് റാവത്ത് സിദ്ദുവിനോടാശ്യപ്പെട്ടത്.
ഉപദേശകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കാരണം മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗും സിദ്ദുവിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സിദ്ദു ഉപദേശകരെ വിളിച്ചു വരുത്തി വിവാദ വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.