അള്‍ജിയേഴ്‌സ്: ഈജിപ്തിലെ പ്രക്ഷോഭ വിജയം അള്‍ജീരിയയിലെ പ്രക്ഷോഭകാരികള്‍ക്കും ആവേശം പകരുന്നു. എന്നാല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭ റാലി സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്.
രാജ്യത്ത് വികസനവും തൊഴിലും ലഭ്യമാക്കാന്‍ ജനാധിപത്യസംവിധാനം രാജ്യത്ത് കൊണ്ട് വരണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഈജിപ്തിലെ ഹുസ്‌നി മുബാറക്ക് രാജിവെച്ചത് ആഘോഷിക്കുന്നതില്‍ നിന്നു ജനങ്ങളെ പൊലീസ് വിലക്കിയിട്ടുണ്ട്. എന്നാലും പലയിടത്തും ആഹ്ലാദപ്രകടനങ്ങള്‍ അണപൊട്ടി.
1992ല്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ അള്‍ജീരിയയില്‍ തുടരുകയാണ്. ഇത് ഉടന്‍ പിന്‍വലിക്കുമെന്നു പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോട്ട്ഫ്‌ളിക്ക ഈ മാസം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ പുതിയ മുന്നേറ്റങ്ങളെ ഈജിപ്ത് സംഭവത്തിന്റെ വെളിച്ചത്തില്‍ ഭരണകൂടം ഭീതിയോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പതിവിലും അധികം പൊലീസ് സേനയെ പ്രമുഖ നഗരങ്ങളില്‍ വിന്യസിച്ചു കഴിഞ്ഞു.
രാജ്യത്ത് ഭക്ഷ്യോത്പന്നങ്ങളുടെയും പാലിന്റെയും വില കുതിച്ചുയരുകയാണ്. തൊഴിലില്ലായ്മയും ആവശ്യത്തിന് താമസസൗകര്യമില്ലായ്മയും ജനജീവിതം ദുസ്സഹമാക്കുന്നു. സര്‍ക്കാറിനെതിരെ ഉയരുന്ന വികാരം പലപ്പോഴും കലാപത്തിന് കാരണമാകാറുണ്ട്.