Advertisement
Entertainment
സിനിമയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ആദ്യം ഓര്‍മ വരുന്നത് ആ നടനെ, അതുകഴിഞ്ഞു ഐശ്വര്യ റായ്: ആലിയ ഭട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 20, 10:42 am
Friday, 20th September 2024, 4:12 pm

കുറഞ്ഞ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആലിയ ഭട്ട്. ഗംഗുഭായ് കഠിയവാഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടാനും അവര്‍ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, തന്റെ മനസ്സില്‍ ആദ്യം വരുന്ന പേര് ഷാരൂഖ് ഖാനാണെന്നും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗുകളുമാണ് തനിക്ക് ഓര്‍മ വരുകയെന്നും ഷാരൂഖ് ഖാനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും സ്‌നേഹം മാത്രമാണെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. തന്റെ രണ്ടാമത്തെ ഫേവറിറ്റ് ഐശ്വര്യ റായി ആണെന്നും ആലിയ ഭട്ട് പറയുന്നു. അല്ല്യൂര്‍ ഫോര്‍ ദി ഫേവറിറ്റ് തിങ്‌സ് ഓഫ് ഓള്‍ ടൈം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സിനിമകളെക്കുറിച്ചുള്ള എന്റെ ആദ്യ കാലങ്ങളിലെ ഓര്‍മകള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളെ കുറിച്ചുള്ളത്, സംഗീതവും പാട്ടുകളും നൃത്തവുമായിരുന്നു. നമ്മുടെ സിനിമകളില്‍ ആഘോഷം എന്നത് വലിയ ഘടകമാണ്. ഏറ്റവും മനോഹരമായി സ്‌ക്രീനില്‍ നൃത്തം അവതരിപ്പിക്കുന്ന ഒരാളെ കുറിച്ച് പറയാന്‍ പറയുകയാണെങ്കില്‍, എനിക്ക് ഐശ്വര്യ റായ് ബച്ചനെ കുറിച്ചല്ലാതെ മറ്റാരെ കുറിച്ചും പറയാന്‍ കഴിയില്ല. അവര്‍ തികച്ചും അവിശ്വസനീയമാണ്,’ ആലിയ ഭട്ട് പറയുന്നു.

തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്പയര്‍ ചെയ്തതും തന്നില്‍ ആര്‍ട്ടിസ്റ്റിക്ക് മൈന്‍ഡ് സെറ്റ് ഉണ്ടാക്കിയതും ഐശ്വര്യ ആണെന്നും ആലിയ പറയുന്നു. സിനിമകളിലെ ഐശ്വര്യയുടെ പ്രകടനങ്ങള്‍ താന്‍ പതിവായി കാണാറുണ്ടെന്നും, പ്രത്യേകിച്ച് സ്വന്തം സിനിമകളിലെ ഗാനങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ അവരുടെ പ്രകടനങ്ങള്‍ കൂടുതലായും ശ്രദ്ധിക്കാറുണ്ടെന്നും ആലിയ പറയുന്നു.

സ്വന്തം പ്രകടനത്തിന് അനുയോജ്യമായ എക്‌സ്‌പ്രെഷന്‍ പകര്‍ത്താന്‍ ഐശ്വര്യയുടെ ഭാവങ്ങള്‍ നോക്കി പഠിക്കുമെന്ന് പറഞ്ഞ ആലിയ ബട്ട്, ദേവദാസില്‍ ഐശ്വര്യയുടെ ഭംഗിയുള്ള ചലനങ്ങളെയും പുകഴ്ത്തുകയുണ്ടായി. ഐശ്വര്യയുടെ പ്രകടനങ്ങളെ പെര്‍ഫെക്റ്റ് എന്നും വിശേഷിപ്പിച്ചു.

അതേസമയം വാസന്‍ ബാലയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജിഗ്രയുടെ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ വേദാങ് റെയ്നയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Content Highlight: Alia Bhatt Talks About Shah Rukh Khan And Aiswarya Rai