പാട്ടുപാടി പ്രതിരോധിച്ച് ഗസയിലെ ഡോക്ടര്‍മാര്‍
World News
പാട്ടുപാടി പ്രതിരോധിച്ച് ഗസയിലെ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 6:13 pm

ജെറുസലേം: ഗസയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്നും ഒഴിഞ്ഞു പോകുവാനുള്ള ഇസ്രഈലിന്റെ ആവശ്യത്തിന് വഴങ്ങാതെ ഗസയിലെ ഡോക്ടര്‍മാര്‍. പാട്ട് പാടി കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിരോധം തീര്‍ത്തത്.

‘ഞങ്ങള്‍ ഇവിടെ തന്നെ താമസിക്കും.

വേദനകള്‍ ഒഴിഞ്ഞു പോകുന്നതുവരെ

ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും

ഈണം മധുരമുള്ളതാകും

എല്ലാവരും ഒരുമിച്ചു നില്‍ക്കുക, മരുന്നും പേനയുമായി

കിടപ്പിലായവരോട് ഞങ്ങള്‍ ദയയുള്ളവരാണ്

ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് ഞങ്ങള്‍ നടന്നു ചെന്നെത്തുക തന്നെ ചെയ്യും.

തീര്‍ച്ചയായും രാഷ്ട്രങ്ങളില്‍ വെച്ച് ഏറ്റവും മികച്ച രാഷ്ട്രവും ഇതാണ്,’

വരികള്‍ ചൊല്ലിയായിരുന്നു ഫലസ്തീനി ഡോക്ടര്‍മാര്‍ പ്രതിരോധം അറിയിച്ചത്. അല്‍ ജസീറ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വീഡിയോ പ്രചരിച്ചത്.

നിരവധി തവണ ഇസ്രഈലിന്റെ ഭാഗത്തുനിന്ന് ആശുപത്രി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണികളുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തെ ഇതൊന്നും ബാധിക്കുകയില്ല എന്ന് തന്നെയാണ് വീഡിയോയിലൂടെ അവര്‍ വ്യക്തമാക്കുന്നത്.

 

കഴിഞ്ഞ ദിവസങ്ങളിലായി ഗസയിലെ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ എല്ലാം പൂര്‍ണമായും തകര്‍ന്നതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
അതിനു പിന്നാലെയാണ് ഇസ്രഈല്‍ നിരന്തര ഭീഷണിയുമായി അല്‍- അവ്ദ ആശുപത്രി അധികൃതരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയില്‍ 7000 ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 210 പേജ് ഉള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.

Content Highlight: Al-avdha hospital staff singing song as a protest