ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയതില്‍ പ്രതികരണവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മോദി സര്‍ക്കാരിനെ പുകഴ്ത്താന്‍ സെലിബ്രിറ്റികളുടെ പിന്തുണ തേടുന്നത് അവരോട് പൊതുജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കുമെന്ന് രാജ് താക്കറെ പറഞ്ഞു.
‘സച്ചിന്‍, ലതാ മങ്കേഷ്‌കര്‍ എന്നിവരെ കൊണ്ട് കേന്ദ്രത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യിപ്പിച്ചത് ശരിയായില്ല. ഇതിലൂടെ അവര്‍ക്ക് പൊതുസമൂഹത്തിലുണ്ടായിരുന്ന മതിപ്പ് നഷ്ടപ്പെട്ടു. ഭാരത് രത്‌ന വരെ നേടിയവരാണ് ഇരുവരും. അക്ഷയ് കുമാറിനെ പോലുള്ള നടന്‍മാരുള്ളപ്പോള്‍ എന്തിനാണ് സച്ചിനെ ഇതിലേക്ക് വലിച്ചിഴച്ചത്’, രാജ് താക്കറെ ട്വിറ്ററിലെഴുതി.
#WATCH | Govt shouldn’t have asked big personalities like Sachin Tendulkar & Lata Mangeshkar to tweet in support of its stand & put their reputation at stake. They’re recipients of Bharat Ratna. Actors like Akshay Kumar were enough for this task: MNS chief Raj Thackeray (06.02) pic.twitter.com/TPpJSQ7cAN
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക