സുഡാനി ഫ്രം നൈജീരിയ കാരണം ആ നിവിൻ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു, എന്റെ കഥയിലെ അതേ കട്ട്‌സ് അതിലുമുണ്ടായിരുന്നു: അഖിൽ സത്യൻ
Entertainment
സുഡാനി ഫ്രം നൈജീരിയ കാരണം ആ നിവിൻ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു, എന്റെ കഥയിലെ അതേ കട്ട്‌സ് അതിലുമുണ്ടായിരുന്നു: അഖിൽ സത്യൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 10:15 am

തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സംവിധായകനായി അഖില്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. അഞ്ജന ജയപ്രകാശ് ആദ്യമായി അഭിനയിച്ച മലയാള സിനിമ കൂടിയായിരുന്നു പാച്ചുവും അത്ഭുതവിളക്കും.

പാച്ചുവും അത്ഭുതവിളക്കും ചെയ്യുന്നതിന് മുമ്പ് നിവിൻ പോളി ഒരു സിനിമയ്ക്കായി തന്നെ സമീപിച്ചിരുന്നുവെന്നും അങ്ങനെ നിവിന് വേണ്ടിയൊരു കഥ ആലോചിച്ചിരുന്നുവെന്നും അഖിൽ സത്യൻ പറയുന്നു. എന്നാൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവുമായി അതിന് സാമ്യമുണ്ടായിരുന്നുവെന്നും ആറ് മാസത്തോളം സമയം മാറ്റിവെച്ച ആ സിനിമ ഒടുവിൽ ഉപേക്ഷിക്കേണ്ടി വന്നെന്നും അഖിൽ സത്യൻ പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

‘പാച്ചുവും അത്ഭുതവിളക്കും എഴുതുന്നതിന് മുന്‍പ്, ശരിക്കും നിവിനാണ് എന്നെ വിളിച്ച് ഒരു സിനിമ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ നിവിന് വേണ്ടി ഞാന്‍ ആലോചിച്ച ഒരു കഥയുണ്ടായിരുന്നു. അതെനിക്ക് ഇഷ്ടമുള്ള കഥയായിരുന്നു. ഒരു അച്ഛന്റേയും മകന്റേയും കഥ. അതില്‍ വേറൊരു കഥാപാത്രവും ഉണ്ടായിരുന്നു.

എന്നാല്‍ അതേ കഥ ഞാന്‍ പിന്നീട് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമായി കാണുകയാണ്. എന്റെ കഥയിലെ അതേ കട്ട്‌സ് സുഡാനിയില്‍ ഉണ്ടായിരുന്നു. അതോടെ ആ സിനിമ തന്നെ ഞാന്‍ അവിടെ വെച്ച് ഉപേക്ഷിച്ചു. ആറ് മാസത്തോളം മനസില്‍ കൊണ്ട് നടന്ന സിനിമയായിരുന്നു. രണ്ടും തമ്മില്‍ വലിയ സാമ്യമില്ലെങ്കിലും ക്ലൈമാക്‌സില്‍ ഇയാള്‍ കാരണം അച്ഛനും മകനും ഒന്നിക്കുന്നത് തന്നെയായിരുന്നു.

 

അതില്‍ അബ്ദുള്ളക്കയും സൗബിനും വരുന്ന പോയിന്റില്‍ ഞാന്‍, ഓക്കെ തീരുമാനമായി എന്ന് സ്വയം പറഞ്ഞു (ചിരി). ആറ് മാസത്തെ എഫേര്‍ട്ട് അങ്ങനെ പോയി. സിനിമ എടുക്കുന്നവരോട് എനിക്ക് പറയാനുള്ള ഒരു ഉപദേശമുണ്ട്.
എന്റെ അച്ഛന്‍ 40 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. അച്ഛന്‍ കാര്യങ്ങള്‍ എന്നോട് പറയാറുണ്ട്. അച്ഛന്‍ പോലും കണ്‍ഫ്യൂസ്ഡ് ആകുന്ന ഏരിയ ഉണ്ട്. നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല ഒരു സിനിമ എങ്ങനെ ഓണ്‍ ആക്കാമെന്ന്.

പാച്ചുവിന്റെ കഥ ഞാന്‍ നിവിനോടും സംസാരിച്ചിരുന്നു. ഒരു പോയിന്റില്‍ ചുമ്മാ പറഞ്ഞ ത്രഡ് ആണ് ബോംബെ മലയാളി നാട്ടിലേക്ക് വരുന്നു. തിരിച്ച് പ്രായമുള്ള സ്ത്രീ അവര്‍ക്കൊപ്പം പോകുന്നു. ഗോവയില്‍ വെച്ച് അവര്‍ മിസ് ആകുന്നു എന്ന്. അവിടെയാണ് നിവിന്‍ അപ്രൂവ് ചെയ്യുന്നത്. ചുമ്മാ ബാക്ക് ആപ്പ് ആയിട്ടുള്ള റാന്‍ഡം തോട്ടില്‍ നിന്നാണ് ഒരു മുഴുവന്‍ സിനിമ തന്നെ ഉണ്ടാകുന്നത്,’ അഖില്‍ സത്യന്‍ പറയുന്നു.

Content Highlight: Akhil Sathyan About Sudani From Nigeria