Entertainment
685 ദിവസങ്ങള്‍ക്ക് ശേഷം ശാപമോക്ഷം, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ ഏജന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 01:44 pm
Wednesday, 5th March 2025, 7:14 pm

മമ്മൂട്ടി, അഖില്‍ അക്കിനേനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ തെലുങ്ക് ചിത്രമായിരുന്നു ഏജന്റ്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത് 2023ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. 85 കോടി രൂപ മുതല്‍ മുടക്കില്‍ ആക്ഷന്‍ ത്രില്ലറായൊരുങ്ങിയ ചിത്രം 50 കോടി പോലും നേടാതെയാണ് കളം വിട്ടത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 14ന് സോണി ലിവിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചത്. റിലീസ് ചെയ്ത് 685 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് ഒ.ടി.ടി റിലീസ് വൈകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പൈ ത്രില്ലറായി എത്തിയ ഏജന്റില്‍ റിക്കി (രാമകൃഷ്ണ) എന്ന നായക കഥാപാത്രത്തെയാണ് അഖില്‍ അക്കിനേനി അവതരിപ്പിച്ചത്. ചിത്രത്തിനായി ശരീരഭാരം കൂട്ടി ഫിറ്റായ അഖിലിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. നായകന്റെ ഗുരുവും ഉപദേഷ്ടാവുമായ കേണല്‍ മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്.

തിരക്കഥ പൂര്‍ത്തിയാകാതെ ഷൂട്ട് ആരംഭിച്ചതാണ് ഏജന്റെ വന്‍ പരാജയമാകാന്‍ കാരണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. 30 കോടിയോളമാണ് ചിത്രം മൂലം നിര്‍മാതാവിനുണ്ടായ നഷ്ടം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അടുത്തിടെ ടി.വിയില്‍ ടെലികാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചിത്രത്തിന്റെ പതിപ്പ് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ലഭ്യമല്ല.

ചിത്രത്തിലെ തിയേറ്റര്‍ ക്ലിപ്പുകള്‍ പല ട്രോള്‍ പേജിലും വൈറലായിരുന്നു. അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങളും ലോജിക്കില്ലാത്ത സീനുകളും ഒരുപാട് ട്രോളിന് വിധേയമായി. ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാര്‍ക്ക് വലിയ ഒരു ഇരയെ കിട്ടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി ഏറ്റവുമധികം കാത്തിരിക്കുന്നത് ട്രോളന്മാരാണെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല.

മമ്മൂട്ടിക്കും അഖില്‍ അക്കിനേനിക്കും പുറമെ സാക്ഷി വൈദ്യ, വരലക്ഷ്മി ശരത് കുമാര്‍, ഡിനോ മൊറിയ തുടങ്ങി വന്‍ താരനിര ഏജന്റില്‍ അണിനിരന്നിരുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. വിദേശ ലൊക്കേഷനിലടക്കം ചിത്രകീരിച്ച ചിത്രം നിര്‍മിച്ചത് എ.കെ. എന്റര്‍ടൈന്മെന്റ്‌സാണ്. വക്കന്തം വംശിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Content Highlight: Akhil Akkineni and Mammootty starring movie Agent will stream on on OTT from march 14th