ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകചനം നടത്താന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചില്ലായിരുന്നു.
മൂന്നാമനായി ഇറങ്ങി 38 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സാണ് വിരാട് നേടിയത്. 57.89 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ബംഗ്ലാദേശിന്റെ ലെഗ് സ്പിന്നര്‍ റാഷിദ് ഹൊസൈ എറിഞ്ഞ പന്തിലാണ് താരം പുറത്തായത്. സൗമ്യ സര്‍ക്കാറാണ് വിരാടിന്റെ ക്യാച്ച് നേടിയത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനോടുള്ള പരമ്പരയിലും സ്പിന്നറായ ആദില്‍ റഷീദിന്റെ കൈകൊണ്ടാണ് വിരാട് പുറത്തായത്.
സ്പിന്നര്‍മാര്‍ക്കെതിരെ വിരാട് പുറത്താകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റില്‍ വിരാടിന് ഇത് ഒരു പ്രശ്‌നമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് ചോപ്ര പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘ഇപ്പോള്‍ അതൊരു പ്രശ്‌നമായി മാറുകയാണ്. റാഷിദായാലും റഷീദായാലും ഒരു ലെഗ് സ്പിന്നറാണെങ്കില്‍, കോഹ്ലിയെ പുറത്താക്കുമെന്ന് തോന്നുന്നു. ചിലപ്പോള്‍ ഫ്രണ്ട് ഫൂട്ടിലും, മറ്റു ചിലപ്പോള്‍ ബാക്ക് ഫൂട്ടിലും വിരാട് പുറത്താകുന്നു. അതൊരു നല്ല സാഹചര്യവും കാഴ്ചയുമല്ല,’ ചോപ്ര അഭിപ്രായപ്പെട്ടു (വീഡിയോയിലെ 11:10 മിനിട്ട്).
‘ഒരു ലെഗ് സ്പിന്നര്‍ കളത്തിലിറങ്ങുമ്പോള്‍ തന്നെ അദ്ദേഹം പുറത്താകാറുണ്ട്. സത്യം പറഞ്ഞാല്‍, അദ്ദേഹത്തിന്റെ ബാറ്റിങ് മികച്ച ഫോമിലാണെന്ന് തോന്നിയില്ല. അഹമ്മദാബാദില്‍ കഴിഞ്ഞ മത്സരത്തില്‍ (ഇംഗ്ലണ്ടിനെതിരെ) അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ പോലും, അദ്ദേഹം പൂര്‍ണ തോതില്‍ കളിച്ചതായി തോന്നിയില്ല,
ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ അവന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. പ്രതിരോധത്തിലായിരിക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോളും, ഇന്ന് (വ്യാഴാഴ്ച) കട്ട് ഷോട്ട് പരീക്ഷിക്കുമ്പോഴും അവന്‍ പുറത്താകുന്നു. എനിക്ക് ഒരു വിശദീകരണവുമില്ല. പന്ത് അവനില്‍ നിന്ന് അകന്നുപോകുമ്പോള്‍ അത് ലെഗ് സ്പിന്നായാലും ഓഫ് സ്പിന്നായാലും – സ്പിന്‍ ഓപ്ഷനിലാണ് അവന്‍ പുറത്തേക്ക് പോകുന്നത്. തീര്‍ച്ചയായും അതൊരു പ്രശ്‌നമാണ്. നിങ്ങള്‍ ആദ്യം സത്യം അംഗീകരിക്കുമ്പോള്‍ പുരോഗതി ആരംഭിക്കുന്നു,’ അദ്ദേഹം പറഞ്ഞു (12:10).
Content Highlight: Akash Chopra Talking About Virat Kohli