ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്.
നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡിനെതിരെ ദുബായിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്ത്യയ്ക്ക് വേണ്ടി മിഡില്‍ ഓര്‍ഡറില്‍ ആറാം സ്ഥാനത്ത് ഇറങ്ങുന്ന താരമാണ് കെ.എല്‍ രാഹുല്‍. പാകിസ്ഥാനെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ രാഹുലിന് ഇറങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നിലവില്‍ ഫിനിഷര്‍ റോളില്‍ കളിക്കുന്ന ഇന്ത്യയുടെ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ രാഹുല്‍ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ 47 പന്തില്‍ നിന്ന് 41 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു.
എന്നാല്‍ രാഹുലിനെ മാറ്റി രണ്ടാം വിക്കറ്റ് കീപ്പര്‍ ഓപ്ഷനായ റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.
‘കെ.എല്‍. രാഹുലിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ കളിപ്പിക്കുന്നത്. ആറാം നമ്പറിലേക്ക് മാറ്റപ്പെട്ടതോടെ രാഹുലിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ബംഗ്ലാദേശിനെതിരെ മൂന്ന് ലൈഫ് ലഭിച്ച ശേഷമാണ് അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാകിസ്ഥാനെതിരെ ബാറ്റ് ചെയ്യേണ്ടിയും വന്നില്ല. ഈ സാഹചര്യത്തില്‍ റിഷബ് പന്തിനെ കൊണ്ട് വരണം.
റിഷബ് പന്ത് ടീമിലെ എക്‌സ് ഫാക്ടറാണ്. റിഷബ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ്. ഇത് വിലയിരുത്തി പന്തിനെ കളിപ്പിക്കണം. കൂടാതെ ബൗളിങ്ങില്‍ അര്‍ശ്ദീപ് സിങ്ങിനെ ഉപയോഗിക്കണം’ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Rishabh Pant And K.L Rahul