Advertisement
Cricket
ഈ ടീമുമായി ചെന്നുകേറികൊടുക്ക്; ഇന്ത്യന്‍ ടീം പോരെന്ന് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 09, 11:45 am
Thursday, 9th June 2022, 5:15 pm

ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങള്‍ വിശ്രമിക്കുന്ന പരമ്പരയില്‍ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. എന്നാല്‍ പ്രാക്റ്റീസിനിടെ പരിക്കേറ്റ താരം പരമ്പരയില്‍ നിന്നും പുറത്താകുകയായിരുന്നു.

കെ.എല്‍. രാഹുലിന് പകരം വിക്കറ്റ് കീപ്പറായ റിഷബ് പന്താണ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ രാഹുലിന്റ പിന്മാറ്റത്തോടെ ഇന്ത്യന്‍ ടീം ദുര്‍ബലമായെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ അഭിപ്രായം.

രാഹുലിന്റെ കൂടെ ചൈനമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനും പരിക്കേറ്റിരുന്നു. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ എന്നീ താരങ്ങള്‍ വിശ്രമിക്കുന്ന പരമ്പരയില്‍ രാഹുല്‍ കൂടെ പുറത്തായതോടെ ടീം ഇന്ത്യ വീക്ക് ആയെന്നാണ് ചോപ്രയുടെ അഭിപ്രായം.

‘പരിക്കേറ്റതിനാല്‍ അഞ്ച് മത്സര പരമ്പരയ്ക്ക് രാഹുലിന്റെ സാന്നിധ്യം ഇന്ത്യക്ക് ലഭ്യമല്ല. ഇത് കാരണം ഇന്ത്യന്‍ ടീമിന്റെ പദ്ധതികളെല്ലാം താളം തെറ്റിയിരിക്കുകയാണ്. രോഹിത്തും കോഹ്‌ലിയും ബുംറയും രാഹുലും ഇല്ലാത്തത് ചെറിയ കാര്യമല്ല, ഇതോടെ വളരെ ദുര്‍ബലമായ ടീമായി ഇന്ത്യ മാറിയിരക്കുകയാണ്,’ ചോപ്ര പറഞ്ഞു.

രാഹുലില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ പരമ്പര കുറച്ചുകൂടെ എന്‍ജോയ്‌മെന്റ് ആയേനെ എന്നും ചോപ്ര പറഞ്ഞു.

‘രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും കിട്ടേണ്ട ആസ്വാദനം നമുക്ക് ലഭിച്ചില്ല. അദ്ദേഹത്തില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അവന്‍ കളിച്ചിരുന്നെങ്കില്‍ ചര്‍ച്ചാ പോയിന്റുകള്‍ മറ്റൊന്നാകുമായിരുന്നു. രാഹുലിനും കുല്‍ദീപിനും ഇന്ത്യ ഇതുവരെ പകരക്കാരെ കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

രാഹുലിന് പകരം ക്യാപ്റ്റനായ പന്ത് ആദ്യമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വേഷമണിയുന്നത്. ഇന്ത്യയെ മൂന്ന് ഏകദിനത്തില്‍ രാഹുല്‍ നയിച്ചിരുന്നു എന്നാല്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലായിരുന്നു.

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ രാഹുലിന് പകരം ഋതുരാജ് ഗെയ്ക്വാദായിരിക്കും ഇഷന്‍ കിഷനിന്റെ കൂടെ ഓപ്പണ്‍ ചെയ്യുക. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.

Content Highlights: Akash Chopra says Indian team got weak after Rahul’s exit