Entertainment
വായിച്ചു നോക്കിയിട്ട് ഇഷ്ടമുള്ള കഥാപാത്രം എടുത്തോളാന്‍ പറഞ്ഞു, ഇത്രയും ചര്‍ച്ചയാകുമെന്ന് അറിഞ്ഞില്ല: അജു വര്‍ഗീസ്

പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത് ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്ത വെബ് സീരീസായിരുന്നു പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്.

ദീപു പ്രദീപായിരുന്നു പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ രചന നിര്‍വഹിച്ചത്. നിഖില വിമല്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വെബ് സീരീസില്‍ ബാലചന്ദ്രന്‍ എന്ന ഒരു സൈക്കോ കഥാപാത്രത്തെയായിരുന്നു അജു വര്‍ഗീസ് അവതരിപ്പിച്ചത്.

സൈക്കോ ബാലചന്ദ്രന്‍ എന്ന കഥാപാത്രം തന്നിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അജു. സൈക്കോ ബാലചന്ദ്രനെ തിരഞ്ഞെടുക്കുമ്പോള്‍ അത്രയും വ്യാപ്തിയുള്ള ഒരു റോളായിരുന്നു അതെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് അജു പറയുന്നു.

‘ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ട പേര് അനന്തപദ്മനാഭന്‍ ചേട്ടന്റേതാണ്. പത്മരാജന്‍ സാറിന്റെ മകന്‍. അനന്തേട്ടനാണ്ദീപു ഇങ്ങനെയൊരു കഥ എഴുതിയിട്ടുണ്ട് എന്ന കാര്യമൊക്കെ പറയുന്നത്.

അങ്ങനെ ഞാന്‍ ദീപുവിനോട് എനിക്ക് ഒരു വേഷം തരാമോ എന്ന് ചോദിച്ചു. അതില്‍ നായകനെ മാറ്റി നിര്‍ത്തി ബാക്കി എല്ലാ കഥാപാത്രത്തെ കുറിച്ചും എഴുതിയ ബ്ലോഗ് പുള്ളി എനിക്ക് അയച്ചു തന്നു.

വായിച്ചു നോക്കിയിട്ട് ഇഷ്ടമുള്ളത് പറഞ്ഞോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അനന്തേട്ടനോട് ഇതില്‍ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചു. അവരൊക്കെ ഭയങ്കര വായനയുള്ളവരൊക്കെയാണ്.

ഞാന്‍ വായിച്ചിട്ട് ഏതാണ് മികച്ചതെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. എല്ലാം നല്ല കഥാപാത്രങ്ങള്‍. അങ്ങനെ അനന്തേട്ടനോട് ചോദിച്ചപ്പോള്‍ സൈക്കോ ബാലനാണ് നല്ല കഥാപാത്രമെന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ദീപുവിന് മെസ്സേജ് അയച്ചിട്ട് എനിക്ക് സൈക്കോ ബാലചന്ദ്രന്റെ കഥാപാത്രം തരണമെന്ന് പറഞ്ഞു. പ്രവീണിനും ദീപുവിനും അത് ഓക്കെയായിരുന്നു.

കഥ വായിച്ചെങ്കിലും എനിക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മാത്രമല്ല കേരള ക്രൈം ഫയല്‍സ് മറ്റുള്ള ഭാഷകളില്‍ പോകുമ്പോള്‍ ഇയാള്‍ ഒരു നായക നടനാണെന്നുള്ള ഇമേജ് വരരുതെന്ന് ഉണ്ടായിരുന്നു.

അത് ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് സൈക്കോ എടുക്കുന്നത്. പിന്നെ ഞാന്‍ ചെയ്തത് മുഴുവന്‍ ദീപുവും പ്രദീപുമെല്ലാം പറഞ്ഞതാണ്.

അത് ഇത്രയും വ്യാപ്തിയുള്ള റോളാണെന്ന് അറിയില്ലായിരുന്നു. ആ ബ്ലോഗില്‍ ഇത്രയും ഉണ്ടായിരുന്നില്ല. തിരക്കഥ വന്നപ്പോള്‍ അത് വേറെ രീതിയിലായി. ആ കഥാപാത്രം വലിയ ചര്‍ച്ചയായി,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese about perilloor premier league and Psycho Balan