Entertainment
എല്ലാവര്‍ക്കും കിട്ടുന്ന കുട്ടേട്ടന്‍ എന്നെ പോലയായിരിക്കും, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ പ്രശംസിച്ച് അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 25, 10:56 am
Sunday, 25th February 2024, 4:26 pm

തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാ മേഖലയില്‍ ഉള്ളവരും ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.

സിനിമ കണ്ട ശേഷം അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ സൗബിന്‍ അവതരിപ്പിച്ച കുട്ടേട്ടന്‍ എന്ന കഥാപാത്രത്തിന് ഗംഭീര കൈയടികളാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അജുവിന്റെ ട്രോള്‍ വന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന സൗബിന്റെ കുട്ടേട്ടനെപ്പോലെ ഒരു സുഹൃത്തിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും പലര്‍ക്കും ലഭിക്കുന്നത് താന്‍ കുഞ്ഞിരാമായണം എന്ന സിനിമയില്‍ അവതരിപ്പിച്ച കുട്ടേട്ടനെപ്പോലെയുള്ള സുഹൃത്തിനെയാവും എന്നാണ് താരം ട്രോളില്‍ പറയുന്നത്.

നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടേട്ടന്‍ എന്ന് പറഞ്ഞുകൊണ്ട് സൗബിന്റെ ഫോട്ടോയും നമുക്ക് കിട്ടുന്ന കുട്ടേട്ടന്‍ എന്നു പറഞ്ഞുകൊണ്ട് അജുവിന്റെ ഫോട്ടോയുമാണ് മീമിലുള്ളത്. 2015ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തില്‍ മികച്ച പ്രകടനമായിരുന്നു അജുവിന്റേത്. കട്ട് പീസ് കുട്ടന്‍ എന്ന കഥാപാത്രം കുഞ്ഞിരാമായണത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ധ്യാന്‍ ശ്രീനിവാസന്റെ ലാലു എന്ന കഥാപാത്രം കുട്ടേട്ടന്റെ ഒരു ഫോട്ടോ തരുമോ എന്ന് ചോദിക്കുന്ന രംഗം ഇന്നും മീമുകളില്‍ നിറയുന്നുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സിലെ താരങ്ങളായ ദീപക് പറമ്പോളും, ഗണപതിയും പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിറും, ബാബു ഷാഹിറും, ഷോണ്‍ ആന്റണിയും ചേര്‍ന്നാണ്.

Content Highlight: Aju Vargheese shares the meme about Manjummel Boys