വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ഹാസ്യ താരമായി കരിയർ തുടങ്ങിയ അജു അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. ഇന്ന് സീരിയസ് കഥാപാത്രങ്ങളും അജു വർഗീസ് അവതരിപ്പിക്കാറുണ്ട്.
കഴിഞ്ഞ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായ ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയിൽ അജു വർഗീസ് ആലപിച്ച ‘കൃഷ്ണാ കൃഷ്ണാ’ എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ ഗായകന്റെ വേഷമാണ് ചെയ്യാനുള്ളതെന്ന് അറിഞ്ഞപ്പോൾ ഗാനം താൻ തന്നെ പാടിക്കോട്ടെയെന്ന് വെറുതെ ചോദിച്ചതാണെന്നും റെക്കോർഡ് ചെയ്ത് കഴിഞ്ഞ ശേഷം ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ ഗാനം ഒഴിവാക്കാനായിരുന്നു പ്ലാനെന്നും അജു പറയുന്നു.
എന്നാൽ താൻ ആലപിച്ചത് എല്ലാവർക്കും ഇഷ്ടമായെന്നും പാടുന്നതിന് പകരം ആ പാട്ട് താൻ പറയുകയായിരുന്നുവെന്നും അജു പറഞ്ഞു. ആ പാട്ട് ഇപ്പോൾ കേൾക്കുന്ന രൂപത്തിലാക്കിയത് മ്യൂസിക് ഡയറക്ടർ അങ്കിത് മേനോനാണെന്നും അജു കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.
ഗുരുവായൂരമ്പല നടയിലെ ഗാനം ഞാൻ പാടുകയല്ല, പറയുകയാണ് ചെയ്തത്. സംഗീത സംവിധായകൻ അങ്കിത് മേനോനാണ് ആ പാട്ട് ഇപ്പോൾ കേൾക്കുന്ന രൂപത്തിലാക്കിയത്
– അജു വർഗീസ്
‘ഈ സിനിമയിൽ ഗായകനായ ഒരാളുടെ വേഷമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തെ കിട്ടിയപ്പോൾ എനിക്ക് ഒരു അതിമോഹവും തോന്നി. ഈ സിനിമയിലെ ഒരു പാട്ട് ഞാൻ പാടിക്കോട്ടേയെന്ന് അണിയറ പ്രവർത്തകരോട് ഒരു ധൈര്യത്തിന് അങ്ങോട്ട് ചോദിച്ചു.
റെക്കോഡിങ്ങിനുശേഷം സംവിധായകൻ വിപിൻ ദാസും സംഗീതസംവിധായകൻ അങ്കിത് മേനോനും നിർമാതാവ് സി.വി. സാരഥിയും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഹാരിസ് ദേശവും ഒരുമിച്ചിരുന്നാണ് ഈ പാട്ട് കേട്ടത്. ആ സമയത്ത് അവരിൽ ഒരാൾക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ ആ പാട്ട് കട്ട് ചെയ്‌തിട്ട് വേറെ ആളെക്കൊണ്ട് പാടിപ്പിക്കൂയെന്നാണ് ഞാൻ പറഞ്ഞത്.
പക്ഷേ,എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെല്ലാം ആ പാട്ടിന് നല്ല അഭിപ്രായം പറഞ്ഞു. സത്യത്തിൽ ഞാൻ ആ പാട്ട് പാടുകയല്ല, പറയുകയാണ് ചെയ്തത്. സംഗീത സംവിധായകൻ പറഞ്ഞതുപോലെ വരികൾ വായിക്കുകയായിരുന്നു. സംഗീതസംവിധായകൻ അങ്കിത് മേനോനോടാണ് എനിക്ക് ഏറ്റവും വലിയ നന്ദിയും കടപ്പാടുമുള്ളത്. കാരണം അദ്ദേഹമാണ് ആ പാട്ട് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന രൂപത്തിലാക്കിയത്,’അജു വർഗീസ് പറയുന്നു.
Content Highlight: Aju Vargese About Krishna Song in Guruvayurambala Nadayil