അതിൽ നിന്ന് പിന്മാറിയാലോയെന്ന് ആലോചിച്ചതാണ്, പക്ഷെ എല്ലാവരോടും പറഞ്ഞുപോയില്ലേ, നാണക്കേടാണ്: അജു വർഗീസ്
Entertainment
അതിൽ നിന്ന് പിന്മാറിയാലോയെന്ന് ആലോചിച്ചതാണ്, പക്ഷെ എല്ലാവരോടും പറഞ്ഞുപോയില്ലേ, നാണക്കേടാണ്: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 9:57 am

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് അജു വർഗീസ്.

ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ച അജു സഹ സംവിധായകനായി പ്രവർത്തിച്ച ചിത്രമായിരുന്നു ജേക്കബിന്റെ സ്വർഗരാജ്യം. സ്വന്തം ഇഷ്ട പ്രകാരമായിരുന്നു അജു ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്.

എന്നാൽ സഹ സംവിധായകൻ ആവേണ്ടതില്ലായിരുന്നുവെന്ന് പിന്നീട് തനിക്ക് തോന്നിയെന്നും അതേറെ ബുദ്ധിമുട്ടുള്ള പണിയായിരുന്നുവെന്നും അജു പറയുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആവാൻ പോവുകയാണെന്ന് എല്ലാവരോടും പറഞ്ഞിട്ടാണ് താൻ പോയതെന്നും തിരിച്ചു വരുന്നത് നാണക്കേടായിരുന്നുവെന്നും അജു പറയുന്നു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.

‘അസിസ്റ്റന്റ് ഡയറക്ടറാവൻ പോവുകയാണെന്ന് ഞാൻ അന്ന് പല മീഡിയകൾക്കും ഇന്റർവ്യൂ കൊടുത്തിട്ടാണ് പോയത്. അതുകൊണ്ട് ഇടയ്ക്ക് വെച്ച് എനിക്ക് ഇട്ടിട്ട് പോരാൻ കഴിയില്ലായിരുന്നു. ഞാൻ രണ്ടാം ദിവസം ഇതിൽ നിന്ന് പിന്മാറിയാലോ എന്നാലോചിച്ചതാണ്. പക്ഷെ എല്ലാവരോടും പറഞ്ഞു പോയില്ലേ. തിരിച്ചു വന്നാൽ നാണക്കേടല്ലേ. ആ ജോലി വലിയ ബുദ്ധിമുട്ടായിരുന്നു,’അജു വർഗീസ് പറയുന്നു.

താരങ്ങളെ ഷോട്ടിനായി വിളിക്കാനുള്ള ചുമതല തനിക്കായിരുന്നുവെന്നും അന്ന് ഏറ്റവും സഹകരിച്ചത് ശ്രീനാഥ് ഭാസിയായിരുന്നുവെന്നും നിവിൻ പോളി അങ്ങനെയല്ലായിരുന്നുവെന്നും അജു പറഞ്ഞു.

‘അന്ന് എല്ലാവരെയും ഷോട്ടിന് വിളിക്കേണ്ട ചുമതല എനിക്കായിരുന്നു. ആ കാര്യത്തിൽ എന്നോട് ഏറ്റവും സഹകരിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. ഭാസിക്ക് പതിനൊന്ന് മണിക്കാണ് ഷോട്ടെങ്കിൽ ഞാൻ ഒരു പത്തരക്ക് തന്നെ ഭാസി കുട്ടാ വായെന്ന് പറഞ്ഞു ചെല്ലും. അവൻ കൃത്യമായിട്ട് സന്തോഷത്തോടെ വരുമായിരുന്നു. അവൻ കറക്റ്റായി എന്നോട് സഹകരിച്ചു.

പക്ഷെ നിവിന്റെ അടുത്ത് പോയാൽ അങ്ങനെയല്ല. അവൻ സൂപ്പർ സ്റ്റാറല്ലേ. ഞാനൊരു അസിസ്റ്റന്റ് ഡയറക്ടറുമല്ലേ. അന്ന് ഞാൻ മനസിലാക്കി ഈ ജോലിയുടെ കഷ്ടപ്പാട്. ഇനി വിനീത് വിളിച്ചാലും ഞാൻ പോവില്ല,’ അജു വർഗീസ് പറഞ്ഞു.

Content Highlight: Aju Vargees Talk About The Struggles Of Assistant Directors