ഹർദിക്കിന് പകരം സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത് ആ കാരണം കൊണ്ടാണ്: അഗാർക്കർ
Cricket
ഹർദിക്കിന് പകരം സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത് ആ കാരണം കൊണ്ടാണ്: അഗാർക്കർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd July 2024, 11:02 am

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്.

ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍.

‘ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തിനായുള്ള അർഹനായ സ്ഥാനാർത്ഥികളിൽ ഒരാളായതിനാലാണ് സൂര്യയെ ക്യാപ്റ്റനായി നിയമിച്ചത്. ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നും ഞങ്ങൾക്ക് ധാരാളം ഫീഡ്ബാക്കുകൾ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. ടീമിനൊപ്പം എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനെയാണ് വേണ്ടത്.

ഹർദിക്കിനെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോഴും ഞങ്ങൾക്ക് പ്രധാനപ്പെട്ട താരമാണ്. അവനെപ്പോലുള്ള കഴിവുള്ള താരങ്ങളെ കണ്ടെത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഫിറ്റ്‌നസ് അദ്ദേഹത്തിന് ഒരു പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ സൂര്യയെ ക്യാപ്റ്റനാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ അഗാര്‍ക്കര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹര്‍ദിക് വിശ്രമം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് താരം ലങ്കന്‍ പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ കാരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂലൈ 27, 28, 30 തീയതികളിലാണ് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.

 

Contrent Highlight: Ajit Agarker Reveals Why India Selected Suryakumar Yadav The New T20 Captain