വിരാടും രോഹിത്തുമല്ല, ആ മൂന്ന് സൂപ്പര്‍ താരങ്ങളും ഉറപ്പായും ടീമിനൊപ്പമുണ്ടാകും; തുറന്നടിച്ച് ചീഫ് സെലക്ടര്‍
Sports News
വിരാടും രോഹിത്തുമല്ല, ആ മൂന്ന് സൂപ്പര്‍ താരങ്ങളും ഉറപ്പായും ടീമിനൊപ്പമുണ്ടാകും; തുറന്നടിച്ച് ചീഫ് സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th August 2024, 12:57 pm

 

 

ക്രിക്കറ്റ് കലണ്ടറിലെ ഏറ്റവും പാക്ഡ് ആയ ഷെഡ്യൂളുകളാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുമ്പിലുള്ളത്. ഈ വര്‍ഷം തന്നെ മൂന്ന് ടെസ്റ്റ് പരമ്പരകളും രണ്ട് ടി-20 പരമ്പരകളും ഇന്ത്യ കളിക്കും.

അടുത്ത വര്‍ഷം വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നു എന്നതിനാല്‍ തന്നെ ഈ ടെസ്റ്റ് പരമ്പരകള്‍ക്കെല്ലാം തന്നെ ഇന്ത്യ അതീവ പ്രധാന്യം കല്‍പിക്കുന്നുമുണ്ട്.

 

കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയിലാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. 2019-21 സൈക്കിളില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ 2021-23 സൈക്കിളില്‍ ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ സൂപ്പര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിനൊപ്പം വേണമെന്ന് പറയുകയാണ് ചിഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.

‘ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ ഇനി വരാനുണ്ട്. നമുക്ക് ബൗളിങ്ങില്‍ ഡെപ്ത് അത്യാവശ്യമാണ്. (ജസ്പ്രീത്) ബുംറയും (മുഹമ്മദ്) ഷമിയും (മുഹമ്മദ്) സിറാജും കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. മത്സരങ്ങളില്‍ ഇവര്‍ ഉണ്ടാകുമെന്നുറപ്പാണ്,’ അഗാര്‍ക്കര്‍ പറഞ്ഞതായി ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെ കുറിച്ചും അഗാര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഷമി വീണ്ടും പന്തെറിയാന്‍ തുടങ്ങിയിരിക്കുന്നു, ഇത് വളരെ മികച്ച സൂചനയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുക എന്നതാണ് ആദ്യ ലക്ഷ്യം. എന്‍.സി.എയുമായി ചര്‍ച്ച ചെയ്ത് ടൈംലൈന്‍ ഉറപ്പിക്കേണ്ടതുണ്ട്,’ അഗാര്‍ക്കര്‍ പറഞ്ഞു.

അഗാര്‍ക്കര്‍ പറഞ്ഞതുപോലെ സെപ്റ്റംബര്‍ 19 നാണ് ഇന്ത്യ ആദ്യ പരമ്പരക്കിറങ്ങുന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

ചെപ്പോക്കാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രീന്‍ പാര്‍ക്കാണ് വേദി.

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും.

ഒക്ടോബര്‍ 16നാണ് ഇന്ത്യ അടുത്ത റെഡ് ബോള്‍ സീരീസിനിറങ്ങുന്നത്. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് കിവികള്‍ ഇന്ത്യക്കെതിരെ കളിക്കുക.

നവംബര്‍ 22ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും മുമ്പേ പ്രോട്ടിയാസിനെതിരെ നാല് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുക. ഒപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

രണ്ടാം മത്സരം അഡ്‌ലെയ്ഡിലും മൂന്നാം മത്സരം ഗാബയിലും അവസാന ടെസ്റ്റ് സിഡ്‌നിയിലും നടക്കും. മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറുന്നത്.

 

 

Content Highlight: Ajit Agarkar about Jasprit Bumra, Mohammed Siraj and Mohammed Shami