ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ രവീന്ദ്ര ജഡേജയെ നിഴലിലാക്കി ഫീല്‍ഡിലും ബൗളിംഗിലുമടക്കം മുന്‍ നായകന്‍ ധോണി കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ.
ക്യാപ്റ്റനായ രവീന്ദ്ര ജഡേജയെ മറികടന്ന് ധോണി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും, ഇത് ശരിയായ നിലപാടല്ല എന്നുമായിരുന്നു ജഡേജ അഭിപ്രായപ്പെട്ടത്.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഡേജയുടെ തുറന്ന് പറച്ചില്‍.
‘അത്രയും പ്രധാനപ്പെട്ട ഒരു മത്സരമോ, ലീഗിലെ അവസാന മത്സരമോ ഒക്കെയാണെങ്കില്‍ ധോണിയെപ്പോലെയൊരു പരിചയ സമ്പന്നനായ താരം നേതൃത്വമേറ്റെടുക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇത് അങ്ങനെയാണോ?
ഈ സീസണിലെ രണ്ടാമത്തെ മത്സരം മാത്രമാണിത്. ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയിലും ഒരു നിരീക്ഷകന്‍ എന്ന നിലയിലും ധോണി ജഡേജയുടെ ക്യാപ്റ്റന്‍സിക്കു മുകളില്‍ കൈകടത്തുന്നതിനോട് തീരെ യോജിക്കാന്‍ പറ്റില്ല,’ അജയ് ജഡേജ പറഞ്ഞു.
‘ഒരാളുടെ കഴിവിനെ മെച്ചപ്പെടുത്തണമെങ്കില്‍ അയാളെ സ്വതന്ത്രമായി വിടണം. അയാളെ സ്വതന്ത്രമായി നയിക്കാന്‍ വിട്ടാല്‍ മാത്രമേ അയാള്‍ക്ക് ക്യാപ്റ്റനാകാന്‍ കഴിയൂ, തെറ്റുകള്‍ പറ്റട്ടെ, തെറ്റുകളില്‍ നിന്നല്ലേ പഠിക്കുന്നത്’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ധോണി ഫീല്‍ഡിംഗില്‍ ഇടപെടുകള്‍ നടത്തിയിരുന്നു. ഇതുകൂടാതെ ശിവം ദുബെയെ പന്തേല്‍പ്പിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ ഓവറിലായിരുന്നു ചെന്നൈയുടെ വിധി തീരുമാനിക്കപ്പെട്ടത്.
ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ ധോണി തന്നെയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റന്‍. 2008 മുതല്‍ 2022 വരെ ചെന്നൈയ്ക്ക് മറ്റൊരു നായകനും ഉണ്ടായിരുന്നില്ല. ഈ സീസണിന്റെ തുടക്കത്തിലാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.
നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയ ശേഷമായിരുന്നു പടിയിറക്കം. ഇതോടെ സി.എസ്.കെയുടെ നായകനാവുന്ന രണ്ടാമത്തെ മാത്രം താരമാണ് ജഡേജ.