national news
അച്ഛേദിന്‍ ഉപേക്ഷിച്ചു, ഇനി 'അജയ് ഭാരത് അടല്‍ ബി.ജെ.പി'; 2019 ലേക്കുള്ള മുദ്രവാക്യവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 09, 04:12 pm
Sunday, 9th September 2018, 9:42 pm

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ “അജയ് ഭാരത്, അടല്‍ ബി.ജെ.പി” എന്ന പുതിയ മുദ്രാവാക്യമുയര്‍ത്തി മോദി. യോഗത്തിന്റെ രണ്ടാം ദിവസം തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് 2019ലേക്ക് പുതിയ മുദ്രാവാക്യം മോദി ഉയര്‍ത്തിയത്.

അജയ് ഭാരത് എന്നാല്‍ അജയ്യ ഭാരതം അടല്‍ ബി.ജെ.പിയെന്നാല്‍ അടിയുറച്ച ബി.ജെ.പി. അടല്‍ ബിഹാരി വാജ്‌പേയിക്കുള്ള ആദരവു കൂടിയായാണ് മോദി പുതിയ മുദ്രാവാക്യമുയര്‍ത്തിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ “അച്ഛേ ദിന്‍ ആനേ വാലാ ഹേ” ആയിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.

പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിര്‍ നില്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന് മോദി പറഞ്ഞു. അധികാരത്തിലിരിക്കുമ്പോള്‍ പരാജയമായിരുന്നവര്‍ ഇപ്പോള്‍ പ്രതിപക്ഷത്തും തോല്‍വിയേറ്റ് വാങ്ങുകയാണ്. മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

2019 ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം അര്‍ബന്‍ നക്‌സലുകള്‍ക്ക് സഹായം നല്‍കുകയാണെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ബി.ജെപിയുടെ നിര്‍ണ്ണായക യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ മോദിയും ആഞ്ഞടിച്ചിരുന്നു. ഓരോ ലോകസഭാ മണ്ഡലത്തിലെയും ഓരോ ബൂത്തും ജയിക്കണമെന്നും മോഡി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപെട്ടു. ബിജെപിയുടെ 48 മാസത്തെ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന്റെ 48 വര്‍ഷത്തോടാണ് താരതമ്യപ്പെടുത്തേണ്ടതന്നും മോദി പറഞ്ഞു. നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് മോദിയുടെയും അമിത ഷായുടെയും പ്രസ്താവനകള്‍ വെളിപ്പെടുത്തിയത്.