മായാനദി; ഓഡിഷന്റെ സമയത്ത് നിനക്ക് അഹങ്കാരമുണ്ടോ എന്നായിരുന്നു അവള്‍ ചോദിച്ചത്: ഐശ്വര്യ ലക്ഷ്മി
Entertainment
മായാനദി; ഓഡിഷന്റെ സമയത്ത് നിനക്ക് അഹങ്കാരമുണ്ടോ എന്നായിരുന്നു അവള്‍ ചോദിച്ചത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2024, 3:45 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതേവര്‍ഷം തന്നെയായിരുന്നു ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായ മായാനദിയും പുറത്തിറങ്ങിയത്.

പിന്നീട് വരത്തന്‍, കാണെക്കാണെ, പൊന്നിയിന്‍ സെല്‍വന്‍, അമ്മു, കുമാരി, ഗാട്ട ഗുസ്തി തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലേക്ക് തന്നെ വിളിച്ചുകൂടേയെന്ന് സംവിധായകനോട് ചോദിച്ചതും മായാനദിയുടെ രണ്ടാമത്തെ ഓഡിഷന്റെ സമയത്ത് ഓഡിഷന് പോകണമെന്ന് ആവശ്യപ്പെടുന്നത് സ്റ്റെഫിയാണെന്നാണ് നടി പറയുന്നത്. അണ്‍ഫിള്‍ട്ടേര്‍ഡ് ബൈ അപര്‍ണക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഇപ്പോള്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഒരുപാട് ഫ്രണ്ട്‌സുണ്ട്. അല്‍ത്താഫാണ് എന്റെ ആദ്യ സിനിമയുടെ സംവിധായകന്‍. അല്‍ത്താഫിനോട് ഈ കുട്ടിയെ സിനിമയിലേക്ക് നോക്കികൂടേയെന്ന് ചോദിക്കുന്നത് സ്റ്റെഫിയാണ്.

മായാനദിയുടെ രണ്ടാമത്തെ ഓഡിഷന്റെ സമയത്ത് നീ പോകണമെന്ന് പറയുന്നതും സ്റ്റെഫിയാണ്. ‘വട്ടുണ്ടോ, അഹങ്കാരമുണ്ടോ പോകാതിരിക്കാന്‍’ എന്നായിരുന്നു അവള്‍ ചോദിച്ചത്. ഞാന്‍ ആ സമയത്ത് കേരളത്തില്‍ ഉണ്ടായിരുന്നില്ല. എനിക്ക് ആവശ്യമുണ്ടെങ്കില്‍ ടിക്കറ്റിനുള്ള കാശ് തരാമെന്ന് പോലും അവള്‍ പറഞ്ഞു. അത് നമുക്ക് ശരിക്കും ഒരു കോണ്‍ഫിഡന്‍സല്ലേ.

എനിക്കും സ്റ്റെഫിക്കും ഇടയില്‍ ഒരുപാട് ക്രിയേറ്റീവ് ഡിഫ്രന്‍സ് ഉണ്ടാറുണ്ട്. അവള്‍ എനിക്ക് വേണ്ടി ചെയ്യുന്ന കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ പോലും ഞാന്‍ ഇടക്ക് ഇടപെടാറുണ്ട്. എനിക്ക് അമ്മുവിലും കുമാരിയിലുമൊക്കെ കോസ്റ്റ്യൂം ചെയ്തത് സ്‌റ്റെഫി തന്നെയായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi Talks About Steffi Xavier And Mayanadhi