Entertainment
എന്റെ കഥാപാത്രത്തോട് വിഷമം തോന്നി ആ നടൻ എന്റെയടുത്ത് വന്ന് സംസാരിക്കുമായിരുന്നു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 23, 08:50 am
Saturday, 23rd November 2024, 2:20 pm

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിരുന്നു.

വരത്തൻ എന്ന ചിത്രത്തിൽ ഷറഫുദ്ദീന്റെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ. ആ സമയത്ത് താൻ ഒട്ടും ഒക്കെയല്ലായിരുന്നുവെന്നും ഷറഫുദ്ദീന്‍ തന്നോട് നന്നായി സംസാരിക്കുമായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ആദ്യമായി വില്ലൻ കഥാപാത്രം ചെയ്യുന്ന ടെൻഷൻ ഷറഫുദ്ദീന് ഉണ്ടായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

 

‘വരത്തൻ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു. അന്ന് എന്റെ ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു. ഒരുപാട് സ്‌ട്രെസ്സൊക്കെ ഉണ്ടായിരുന്നു ആ ഷൂട്ടിങ് സമയത്ത്. അപ്പോഴൊക്കെ എന്നെ കംഫർട്ടബിളാക്കിയ ഒരാളാണ് ഷറഫുക്ക. അദ്ദേഹം അധികം സംസാരിക്കുന്ന ആളൊന്നുമില്ല. പക്ഷെ സംസാരിക്കുമ്പോൾ എന്നെ കൂളാക്കുന്ന ഒരാളായിരുന്നു ഇക്ക.

പുള്ളിയും അദ്ദേഹത്തിന്റേതായ ഒരു സ്ട്രെസ്സിലായിരുന്നു. കാരണം ജോസിയെ പോലൊരു കഥാപാത്രത്തെ അദ്ദേഹം ആദ്യമായാണ് അവതരിപ്പിക്കുന്നത്. നമ്മൾ ജഡ്ജ് ചെയ്യരുതെന്ന് പറയുമെങ്കിലും ജോസിയെന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് അദ്ദേഹം ഇടയ്ക്ക് എന്റെ അടുത്ത് വന്നിരുന്നു സംസാരിക്കുമായിരുന്നു.

എന്റെ കഥാപാത്രത്തോട് വിഷമമൊക്കെ തോന്നിയിട്ട് ഷറഫുക്ക വന്ന് സംസാരിക്കുമായിരുന്നു. പാക്കപ്പ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുമ്പോൾ ഞാൻ ഇക്കയുടെ അടുത്ത് ചോദിച്ചിരുന്നു ഞാനും കൂടെ വന്നോട്ടെയെന്ന്. അങ്ങനെ പുള്ളിയുടെ കൂടെ വണ്ടിയിൽ വരുമ്പോഴാണ് ലൊക്കേഷനിൽ കണ്ടപോലെയൊന്നുമല്ല അതിൽ നിന്നെല്ലാം വേറിട്ട ഒരാളാണ് ഷർഫുക്കായെന്ന് ഞാൻ മനസിലാക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

അതേസമയം ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹലോ മമ്മി പ്രദർശനം തുടരുകയാണ്. ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മി നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്.

Content Highlight: Aishwarya Lakshmi About Sharafudheen