ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്. കടക്കെണിയിലായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ചിരുന്നു.
ടെണ്ടറില്‍ ടാറ്റാ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത തുകയാണ് ഏറ്റവും കൂടുതലെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്.
അമിത് ഷാ അധ്യക്ഷനായ സമിതിയാണ് ഇതില്‍ ഇനി അന്തിമ തീരുമാനമെടുക്കുന്നത്.
എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി. എയര്‍ ഇന്ത്യയ്ക്കായി യു.എസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.
2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്ന് മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും. 1932 ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946 ല്‍ എയര്‍ ഇന്ത്യ ആയത്.
1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
2018 ല്‍ ആദ്യമായി എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്.
100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര – എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. ഇപ്പോള്‍ പൂര്‍ണ്ണമായും സ്വകാര്യവത്കരണത്തിലേക്ക് കടന്നതോടെയാണ് ടാറ്റ വീണ്ടും താത്പര്യം പ്രകടിപ്പിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ 3000 കോടി രൂപ അധികം ടാറ്റാ ടെണ്ടറില്‍ വാഗ്ദാനം ചെയ്തുവെന്നാണ് സൂചന.