അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊദാസ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷസ്ഥാനം നഷ്ടമായി. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മാണ് ഇനി മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷമാകുക.
36 അംഗ മുനിസിപ്പാലിറ്റിയില്‍ 19 സീറ്റുകളില്‍ ബി.ജെ.പിയാണ് ജയിച്ചത്. കോണ്‍ഗ്രസ് നാലിലൊതുങ്ങിയപ്പോള്‍ എ.ഐ.എം.ഐ.എം ഒമ്പത് സീറ്റില്‍ വിജയിച്ചു.
തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. വിജയിച്ചവരെ അഭിനന്ദിക്കുന്നതായും കഴിവിന്റെ പരാമാവധി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ഉവൈസി പറഞ്ഞു.
81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
നിലവിലെ ലീഡ് പ്രകാരം ബി.ജെ.പിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് നിരാശപ്പെടുത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി വിജയിച്ചിരുന്നു. 576 സീറ്റുകളില്‍ 483 സീറ്റുകളും ബി.ജെ.പി നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും സൂറത്തില്‍ 27 സീറ്റുകള്‍ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക