ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പിയുമായുള്ള സഖ്യത്തിനെതിരെ അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. തമിഴ്‌നാട്ടിലെ തോല്‍വിക്ക് കാരണം ബി.ജെ.പിയുമായുള്ള സഖ്യമാണെന്നും ഇതുമൂലം ന്യൂനപക്ഷ വോട്ട് പാര്‍ട്ടിക്ക് നഷ്ടമായെന്നും അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മന്ത്രിയുമായ സി.വി. ഷണ്‍മുഖം പറഞ്ഞു.
അണ്ണാ ഡി.എം.കെയ്ക്ക് തിരികെ വരണമെങ്കില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഡി.എം.കെ. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി, ഇതും പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്നും ഷണ്‍മുഖം പറഞ്ഞു.
ന്യൂനപക്ഷ ജനതയ്ക്ക് എ.ഐ.എ.ഡി.എം.കെയോട് ദേഷ്യമോ എതിര്‍പ്പോയില്ല. പക്ഷേ ബി.ജെ.പിയുമായി അവര്‍ വൈരുദ്ധ്യത്തിലായിരുന്നു. ഇക്കാരണത്താല്‍ ബി.ജെ.പി. സഖ്യം രൂപീകരിച്ച ഞങ്ങള്‍ക്ക് അവര്‍ വോട്ട് ചെയ്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷണ്‍മുഖത്തിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബി.ജെ.പി. ഉയര്‍ത്തുന്നത്. അണ്ണാ ഡി.എം.കെയുമായുള്ള സഖ്യം തങ്ങളുടെ തോല്‍വിക്കാണ് കാരണമാക്കിയതെന്നാണ് ബി.ജെ.പി. പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അടുത്ത സഹായി വി.കെ ശശികലയ്‌ക്കെതിരെ സി.വി. ഷണ്‍മുഖം പരാതി നല്‍കിയിരുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ശശികലയ്ക്കും അവരുടെ സഹായികള്‍ക്കെതിരെ ഷണ്‍മുഖം പരാതി നല്‍കിയത്. സംഭവത്തില്‍ തമിഴ്‌നാട് വില്ലുപുരം പൊലീസ് കേസെടുത്തിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് 506 (1), 507, 109 എന്നീ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് പിന്‍മാറി നിന്ന വി.കെ. ശശികല അണ്ണാ ഡി.എം.കെയിലേക്ക് തിരികെയെത്തി നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ അണ്ണാ ഡി.എം.കെയിലേക്ക് തിരികെ വരുമെന്നും പാര്‍ട്ടി നശിക്കുന്നത് കാണാനാവില്ലെന്നും ശശികല പറയുന്ന ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.