കൊച്ചി: റിയ ചക്രബര്‍ത്തിയെ മാധ്യമങ്ങള്‍ വളയുകയും അക്രമിക്കുകയും ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്രതാരം അഹാന കൃഷ്ണകുമാര്‍.
നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന തുല്യത ഇപ്പോള്‍ എവിടെപ്പോയെന്നാണ് അഹാന കൃഷ്ണകുമാര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, റിയ ചക്രവര്‍ത്തി എന്നിവര്‍ ചോദ്യം ചെയ്യലിനായി എത്തുന്ന ചിത്രത്തെ താരതമ്യം ചെയ്താണ് അഹാന ചോദ്യമുന്നയിക്കുന്നത്.
റിയയെ മാധ്യമങ്ങള്‍ വളഞ്ഞിരിക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നതാണെന്നും, വളരെയധികം കഷ്ടമാണെന്നും അഹാന പറഞ്ഞു. ഈ രാജ്യത്ത് ഒരു സ്ത്രീയായിരിക്കുന്നതിന്റെ വിലയിതാണെന്നും അഹാന സ്റ്റോറിയില്‍ പറയുന്നു.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന മയക്കുമരുന്ന് കേസില്‍ ഞായറാഴ്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഒരു കൂട്ടം റിയയെ വളയുകയും അക്രമിക്കുകയും ചെയ്തത്. ഓഫീസിലേക്കുള്ള വഴിയില്‍ വലിയ സുരക്ഷാവലയം തീര്‍ത്തിരുന്നുവെങ്കിലും മാധ്യമങ്ങള്‍ അത് കടന്ന് റിയയെ വളയുകയായിരുന്നു.