കൊച്ചി: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ.
ഇപ്പോള്‍ തനിക്കു നേരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായതാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഹാന ഫേസ്ബുക്കില്‍ കുറിച്ചത്.
വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നാണ് അഹാന പറയുന്നത്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍, കൊവിഡ് മഹാമാരിയോട് താന്‍ നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അഹാന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ സംസ്ഥാനത്തില്‍/നഗരത്തില്‍/രാജ്യത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് വ്യാപനത്തെ കുറിച്ച് ഞാന്‍ ബോധവതിയല്ലെന്നും അതറിയണമെങ്കില്‍ ഞാന്‍ വാര്‍ത്തകള്‍ കാണണമെന്നും എന്നോട് ആവശ്യപ്പെടുന്നവരോട്, ദയവായി നിങ്ങള്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുക.
ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ.
ഇപ്പോള്‍ എനിക്കു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായി വന്നതാണ്.
ഞാനൊന്ന് പറഞ്ഞു. മറ്റൊരാള്‍ അത് വേറൊരു തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണം.