അഗ്നിപഥ് സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നു; പദ്ധതി അടിയന്തരമായി പിന്‍വലിക്കണമെന്ന് സീതാറാം യെച്ചൂരി
Kerala News
അഗ്നിപഥ് സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നു; പദ്ധതി അടിയന്തരമായി പിന്‍വലിക്കണമെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2022, 3:23 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നതാണ് അഗ്നിപഥ് പദ്ധതിയെന്ന് യെച്ചൂരി വിമര്‍ശിച്ചു.

പാര്‍ലമെന്റില്‍ പോലും പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പദ്ധതി അടിയന്തരമായി പിന്‍വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഭാവിയില്‍ ഒരു വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നിപഥ് പദ്ധതിക്കെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേജര്‍ രവി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

അഗ്നിപഥ്  സായുധ സേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും ചാമ്പലാക്കിയില്ലേയെന്നും എന്ത് കാര്യക്ഷമതയാണ് നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് ലഭിക്കുകമെന്നും അദ്ദേഹം ചോദിച്ചു.

ഒരാളെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ കുറഞ്ഞത് അഞ്ച്, ആറ് വര്‍ഷം വേണ്ടിവരുമെന്നും ഇതെന്തോ പിക്നിക്കിന് വന്നപോലെ വന്നിട്ട് പോകുന്നുവെന്നും മേജര്‍ രവി കുറ്റപ്പെടുത്തി.

ഒരു യുദ്ധം വന്നാല്‍ ഇത്തരത്തില്‍ റിക്രൂട്മെന്റ് ചെയ്തവരെകൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്നും ഇവര്‍ക്ക് യുദ്ധം അഭിമുഖീകരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.

ബീഹാര്‍, യു.പി ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക. ബിഹാറില്‍ മാത്രം ഇന്നലെ 10 ജില്ലകളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മൂന്ന് ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Agneepath paves way for private forces; Sitaram Yechury said the plan should be shown immediately