ഭോപ്പാല്‍: നവംബര്‍ 17ന് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനുമെതിരെ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനൊരുങ്ങുന്നു.
മുന്‍ കാബിനറ്റ് മന്ത്രിയും സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയുമായ ശരദ് ജെയിന്‍ 2018ലെ തെരഞ്ഞെടുപ്പില്‍ ജബല്‍പൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിനയ് സക്സേനയോട് വെറും 600 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി വിമതന്‍ ധീരജ് പടേരിയ 30,000 വോട്ടുകളും നേടി. എന്നാല്‍ അതേ സീറ്റില്‍ അഭിലാഷ് പാണ്ഡെയെ മത്സരിപ്പിക്കുന്നതിനെതിരെ ജെയിനും പടേരിയയും രംഗത്തെത്തി.
അതേസമയം അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സത്ന ജില്ലയിലെ നാഗോഡ്, റായ്ഗാവ് സീറ്റുകളില്‍ ബി.ജെ.പി പ്രവര്‍ത്തകരും, ഭോപ്പാല്‍ സൗത്ത് വെസ്റ്റ് സീറ്റിലും ചിന്ദ്വാര ജില്ലയിലെ ചൗരായ് സീറ്റിലും മുന്‍ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്തയുടെ അനുയായികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ മായ സിങിനെ ഗ്വാളിയോര്‍ ഈസ്റ്റ് സീറ്റില്‍ മത്സരിപ്പിക്കുന്നതിന് വേണ്ടി മുന്‍ എം.എല്‍.എ മൂന്നലാല്‍ ഗോയലിന്റെ അനുയായികള്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി 92 സ്ഥാനാര്‍ത്ഥികളുടെ അഞ്ചാം പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ നിയമസഭ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിനെ ജബല്‍പൂരിലെ പാര്‍ട്ടിയുടെ ഡിവിഷണല്‍ ഓഫിസില്‍ വെച്ച് മന്ത്രി ശരദ് ജെയിനിന്റെയും പ്രാദേശിക പാര്‍ട്ടി നേതാവ് ധീരജ് പടേരിയയുടെയും അനുയായികള്‍ മര്‍ദിച്ചിരുന്നു.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ ജബല്‍പൂര്‍ നോര്‍ത്ത് സീറ്റില്‍ യുവമോര്‍ച്ച നേതാവ് അഭിലാഷ് പാണ്ഡെയെ മത്സരിപ്പിച്ചത് നിലവിലെ കോണ്‍ഗ്രസ് എം.എല്‍.എ വിനയ് സക്സേനയെ വിജയിപ്പിക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
‘അഭിലാഷ് പാണ്ഡെ പുറത്തുള്ള ആളാണ്. ഒരു പ്രാദേശിക സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ പുറത്തുനിന്നുള്ള ആളെയാണ് രംഗത്തിറക്കിയിരിക്കുന്നത്,’ പ്രാദേശിക ബി.ജെ.പി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷ മേഖലയില്‍ നിന്ന് ഭൂപേന്ദ്ര യാദവിന് സുരക്ഷയൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി അനുയായികള്‍ പി.എസ്.ഒയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ സര്‍വീസ് പിസ്റ്റള്‍ പുറത്തെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Content Highlight: After the announcement of candidate in Madhya Pradesh, Congress and B.J.P facing the rebels