national news
കോണ്‍ഗ്രസില്‍ നിന്നും ഇനി ബി.ജെ.പിയിലേക്കാര്? സച്ചിന്‍ പൈലറ്റെന്ന് തറപ്പിച്ചു പറഞ്ഞ് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 10, 04:00 am
Thursday, 10th June 2021, 9:30 am

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ജിതിന്‍ പ്രസാദയും ബി.ജെ.പിയിലേക്ക് പോയതോടെ അടുത്തത് ഏത് നേതാവായിരിക്കും പാര്‍ട്ടി വിട്ട് മറുകണ്ടം ചാടുക എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത് ചെറുതല്ലാത്ത ആഘാതമാണ്
കോണ്‍ഗ്രസിന് ഏല്‍പ്പിച്ചിരിക്കുന്നത്.

ഇനി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടുപോകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും ചിലര്‍ തറപ്പിച്ചു പറയുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ ഇപ്പോഴും പരിഹരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.

സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.

എന്നാല്‍ സച്ചിനും ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്.

ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: After Jitin Prasada’s Exit, Congress Message For Sachin Pilot