സിംബാബ്‌വേ പര്യടനത്തിലും പൂര്‍ണമായും തഴഞ്ഞു; തളരാതെ പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ അടുത്ത വിരേന്ദര്‍ സേവാഗ്
Sports News
സിംബാബ്‌വേ പര്യടനത്തിലും പൂര്‍ണമായും തഴഞ്ഞു; തളരാതെ പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ അടുത്ത വിരേന്ദര്‍ സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st August 2022, 6:42 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ബി.സി.സി.ഐ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരുന്നു. വിന്‍ഡീസ് ടൂറില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന്‍ തന്നെയാണ് സിംബാബ്‌വേ പര്യടനത്തിലും ഇന്ത്യയെ നയിക്കുന്നത്.

യുവതാരങ്ങളെ വേണ്ട രീതിയില്‍ പരിഗണിച്ചാണ് സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. സീനിയര്‍ താരങ്ങളെ മുഴുവന്‍ വിശ്രമിക്കാന്‍ അനുവദിച്ചാണ് ഇന്ത്യ സിംബാബ്‌വേയിലേക്ക് പറക്കാനൊരുങ്ങുന്നത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി, പരിക്കിനെ തുടര്‍ന്ന് ഏറെ കാലം ക്രിക്കറ്റില്‍ നിന്നും മാറി നിന്ന ദീപക് ചഹര്‍ എന്നിവരാണ് സ്‌ക്വാഡിലെ പ്രധാന ഹൈലൈറ്റ്. മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്.

ട്രയല്‍ ആന്‍ഡ് എറര്‍ പരീക്ഷിക്കുന്ന ഇന്ത്യ എല്ലാ താരങ്ങളേയും മാറി മാറി കളിപ്പിക്കുന്നുണ്ട്. ഓപ്പണിങ് പൊസിഷനിലാണ് ഇന്ത്യ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഐ.പി.എല്ലിന് ശേഷം ഋതുരാജ് ഗെയ്ക്വാദ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ചേതേശ്വര്‍ പൂജാര എന്നിവരെ പല മത്സരങ്ങളിലും ഇന്ത്യ അവരുടെ പൊസിഷന്‍ മാറ്റി ഓപ്പണിങ്ങില്‍ ഇറക്കിയിട്ടുണ്ട്.

യുവതാരങ്ങളെ വേണ്ടുവോളം പരിഗണിച്ചെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പൂര്‍ണമായും അവഗണിച്ച പേരാണ് പൃഥ്വി ഷായുടെത്. ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും തെറ്റില്ലാത്ത പ്രകടനമായിരുന്നു ഷാ നടത്തിയത്. എന്നിട്ടും സെലക്ടര്‍മാര്‍ ഇങ്ങനെ ഒരാള്‍ ഉള്ളതായി പോലും ഭാവിച്ചിരുന്നില്ല.

ഐ.പി.എല്ലിലെ 10 മത്സരത്തില്‍ നിന്നും 283 റണ്‍സ് നേടിയ ഷാ, രഞ്ജിയില്‍ ആറ് കളിയില്‍ നിന്നും 355 റണ്‍സും സ്വന്തമാക്കിയിരുന്നു.

ഒരുവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2021 ജൂലൈയിലാണ് പൃഥ്വി ഷാ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, ടീമിലെടുക്കാത്തതോ പൂര്‍ണമായും തഴഞ്ഞതോ ഒന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു ഷായുടെ പ്രതികരണം. പരസ്യമായി ഒരു പ്രതികരണത്തിനും നില്‍ക്കാതെ മാലി ദ്വീപില്‍ നിന്നും അവധിക്കാലം കഴിഞ്ഞെത്തിയതിന് പിന്നാലെ ട്രെയ്‌നിങ്ങിന് കയറുകയായിരുന്നു ഷാ.

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്റെ വര്‍ക് ഔട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു.

പൃഥ്വി ഷായുടെ ഫിറ്റ്‌നെസ് പലതവണ വിമര്‍ശിക്കപ്പെട്ടതാണ്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ്സായിരുന്നു ഷായെ പിന്നോട്ട് വലിച്ചത്.

ടൂര്‍ കഴിഞ്ഞെത്തിയതിന് തൊട്ടുപിന്നാലെ തന്റെ ഫിറ്റ്‌നെസ് മടക്കിയെടുക്കാനാണ് താരം ആദ്യം ശ്രമിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

അതേസമയം, ഇന്ത്യയുടെ സിബാബ്‌വേ പര്യടനത്തിലെ ആദ്യ ഏകദിനം ആഗസ്റ്റ് 18ന് ആരംഭിക്കും. ആഗസ്റ്റ് 20, ആഗസ്റ്റ് 22 ദിവസങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: After exclude from India’s Zimbabwe tour  India star Prithvi Shaw starts training