ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കുകയാണ് ഒരു ജനത. പാട്ടുകള്‍ പാടിയും പടക്കം പൊട്ടിച്ചും വെടിക്കെട്ട് നടത്തിയും അവര്‍ പാക് പടയുടെ തോല്‍വി ആഘോഷമാക്കുകയാണ്. കൃത്യവും വ്യക്തവുമായി പറഞ്ഞാല്‍ ശ്രീലങ്കയുടെ വിജയമല്ല, പാകിസ്ഥാന്റെ തോല്‍വി തന്നെയാണ് അവര്‍ ആഘോഷമാക്കുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റിനോട് ഇത്രമാത്രം വിരോധമുണ്ടാവാന്‍ ആരാണവര്‍? മറ്റാരുമല്ല അഫ്ഗാനിസ്ഥാന്‍ ആരാധകരാണ് ബാബര്‍ പടയുടെ പരാജയം ആഘോഷമാക്കി മാറ്റിയത്.
പടക്കം പൊട്ടിച്ചും പാട്ടുകള്‍ പാടിയും കാബൂളിലെ തെരുവുകള്‍ കയ്യേറിയ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായിരുന്നു.
#Afghans 🇦🇫 Celebrations in Capital #Kabul , #Afghanistan to celebrate Sri Lanka’s victory over Pakistan in the #AsiaCup2022Final . pic.twitter.com/8ZnFkN5aKv
— Abdulhaq Omeri (@AbdulhaqOmeri) September 11, 2022
സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആരും കരുതിക്കാണില്ല അഫ്ഗാന്‍ ആരാധകര്‍ക്ക് ഇത്രത്തോളം പകയുണ്ടാകുമെന്ന്.
പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വിജയിച്ചു എന്ന പ്രതീതിയുണ്ടാക്കിയ ശേഷമായിരുന്നു അഫ്ഗാന്റെ തോല്‍വി. ഇതിനുപിന്നാലെ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു.
ഇതിന് മുമ്പ് കളിക്കളത്തിലും താരങ്ങള്‍ തമ്മില്‍ ഒന്ന് ഉരസിയിരുന്നു. എന്നാല്‍ ഇതാരും അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കളിക്ക് ശേഷമായിരുന്നു ഗാലറിയില്‍ ആരാധകരുടെ കൂട്ടയടി നടന്നത്.
എന്നാല്‍ ഇതൊക്കെ ഏതാണ്ട് കെട്ടടങ്ങുകയും ക്രിക്കറ്റ് ലോകം മറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും മറക്കില്ല രാമാ എന്നത് പോലെയായിരുന്നു പാകിസ്ഥാന്റെ തോല്‍വിയില്‍ അഫ്ഗാന്‍ ആരാധകരുടെ പ്രകടനം.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 170 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ കൂപ്പുകുത്തിയ ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് രജപക്‌സെയായിരുന്നു.
സൂപ്പര്‍ താരം45 പന്തില്‍ നിന്നും ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 71 റണ്‍സാണ് രജപക്‌സെ സ്വന്തമാക്കിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാനിന്ദു ഹസരങ്കയെ കൂട്ടുപിടിച്ച് ആറാം വിക്കറ്റിലും കരുണരത്‌നയെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിലും റണ്‍സ് ഉയര്‍ത്തി.
രജപക്‌സെ അടിത്തറയിട്ട പാര്‍ട്ണര്‍ഷിപ്പില്‍, ആറാം വിക്കറ്റില്‍ നേടിയ 58 റണ്‍സും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 54 റണ്‍സുമാണ് ലങ്കന്‍ വിജയത്തിന് നിദാനമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ ഔട്ടായതോടെയാണ് തങ്ങളുടെ മൂന്നാം കിരീടം എന്ന മോഹം അടിയറ വെക്കേണ്ടി വന്നത്.
Content highlight: Afghanistan fans dance in the streets to celebrate Pakistan’s defeat in the Asia Cup final