ഒറ്റ മത്സരത്തില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍; ചരിത്രവിജയത്തിനൊപ്പം റെക്കോഡിട്ട് അഫ്ഗാന്‍
Cricket
ഒറ്റ മത്സരത്തില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍; ചരിത്രവിജയത്തിനൊപ്പം റെക്കോഡിട്ട് അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 11:17 am

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റുകളുടെ ജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി.

ഏകദിന ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യ വിജയമാണിത്. അവിസ്മരണീയമായ ഈ ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു റെക്കോഡ് നേട്ടവും അഫ്ഗാനിസ്ഥാനെ തേടിയെത്തി.

ലോകകപ്പില്‍ ആദ്യമായി ഒറ്റ മത്സരത്തില്‍ മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടിയെന്ന റെക്കോഡാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് എന്നീ താരങ്ങളാണ് അര്‍ധസെഞ്ച്വറി നേടിക്കൊണ്ട് പുതിയ നേട്ടം കൈവരിച്ചത്.

മത്സരത്തില്‍ ഓപ്പണര്‍മാരായ ഗുര്‍ബാസും സദ്രാനും മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കിയത്. 21 ഓവറില്‍ 130 റണ്‍സിന്റെ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഗുര്‍ബാസ് 53 പന്തില്‍ 65 റണ്‍സാണ് നേടിയത്. ഒന്‍പത് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റ ഇന്നിങ്‌സ്. 122.64 സ്‌ട്രൈക്ക് റേറ്റില്‍ ടി-20 ശൈലിയിലായിരുന്നു ഗുര്‍ബാസിന്റെ ബാറ്റിങ്.

ഓപ്പണിങ്ങില്‍ ഗുര്‍ബാസിനൊപ്പം ഇബ്രാഹിം സദ്രാനും മികച്ച പ്രകടനം കാഴ്ചവെച്ചു. പത്ത് ഫോറുകള്‍ പായിച്ചുകൊണ്ട് 113 പന്തില്‍ 87 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഇരുവര്‍ക്കും പുറമെ റഹ്‌മത്തും അര്‍ധസെഞ്ച്വറി കടന്നു. 84 പന്തില്‍ 77 റണ്‍സ് നേടിയായിരുന്നു താരത്തിന്റ മിന്നും പ്രകടനം. അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും താരത്തിന്റ ബാറ്റില്‍ നിന്നും പിറന്നു.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാക് ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു.

പാക് ബാറ്റിങ് നിരയില്‍ ബാബര്‍ അസം 74 റണ്‍സും ഷഫീക് 58 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് നായകന്‍ ഷാഹിദി എന്നിവരുടെ മികവില്‍ 49 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.



നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചിരുന്നു ഇപ്പോള്‍ പാക് ടീമിനെയും വീഴ്ത്തികൊണ്ട് സ്വപ്നതുല്യമായ മുന്നേറ്റമാണ് അഫ്ഗാന്‍ നടത്തുന്നത്.

Content Highlight: Afghanistan create a record three players scored 50+ in the same match in World Cup.