ദോഹ: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തിവെച്ചിരുന്ന അഫ്ഗാനിലെ നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പരിശീലനം പുനരാരംഭിച്ചു.
താലിബാന്‍ ഭരണം കൈയടക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി സംഘം ഒരുമിച്ച് പരിശീലനം നടത്തിയിരുന്നില്ല. പുതിയ താലിബാന്‍ ഭരണം പഴയ ഭരണകാലത്തേതു പോലെത്തന്നെ സംഗീതമടക്കമുള്ള വിനോദ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് സ്ഥാപനം പരിശീലനം പുനരാരംഭിച്ചത്.
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ ദോഹയിലെ അഭയാര്‍ത്ഥി ക്യാംപിലെ ഒരു മുറിയിലാണ് സംഗീത അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഫ്ഗാനിലെ കെട്ടിടം ഇപ്പോള്‍ താലിബാന്റെ നിരീക്ഷണത്തിലാണ്.
സംഗീതജ്ഞരും മറ്റ് ജോലിക്കാരും ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്‍ നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏകദേശം 96 അംഗങ്ങളും താലിബാന്‍ ഭരണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം വിട്ടിരുന്നു.
ദോഹയിലെത്തിയ സംഘം വരുന്ന ആഴ്ചയില്‍ പോര്‍ച്ചുഗലിലേയ്ക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റില്‍ അടച്ചുപൂട്ടുന്നതിന് മുന്‍പ് 300 കുട്ടികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.
വേള്‍ഡ് ബാങ്കിന്റേയും മറ്റ് എന്‍.ജി.ഒകളുടേയും സാമ്പത്തിക സഹായത്തോടെ 2010ലാണ് അഫ്ഗാനില്‍ നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. എല്ലാ അഫ്ഗാനികള്‍ക്കും സംഗീതപരമായ അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, ലിംഗവിവേചനമില്ലാത്ത സംഗീതവിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.