Kerala
സത്യം ജയിച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. ബി. രാമന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 07, 05:48 am
Monday, 7th February 2022, 11:18 am

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള. സത്യം ജയിച്ചുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രതികരണം.

അതേസമയം കേസില്‍ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദിലീപ്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ദു:ഖമോ സന്തോഷമോ ഇല്ലെന്നും എന്നാല്‍ ശക്തനായ പ്രതി പുറത്തുനില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു വിഷയത്തില്‍ ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നടപടി ക്രമങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടായെന്നും ഈ സമയത്തിനുള്ളില്‍ ഫോണില്‍ നിന്നും വിവരങ്ങളെല്ലാം നീക്കാന്‍ പ്രതിക്ക് സമയം കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പ്രതി പ്രബലനാണ്. സാധാരണക്കാരനല്ല. പ്രതി പുറത്തുനില്‍ക്കുമ്പോള്‍ കേസ് എങ്ങനെ മുന്നോട്ട് പോകും. കോടതിയോട് അങ്ങോട്ട് നിബന്ധനങ്ങള്‍ വെച്ചാണ് ദിലീപ് വാദപ്രതിവാദം നടത്തിയത്. ഇതൊക്കെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു.

കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നടന്നില്ല, എന്നുകരുതി അന്വേഷണം അവസാനിക്കുന്നില്ലല്ലോ. കേസില്‍ അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ഉപാധി ലംഘിച്ചാല്‍ അറസ്റ്റിന് അപേക്ഷിക്കാമെന്നും ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം എന്നതാണ് ഉപാധികള്‍.

ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്് ജസ്റ്റിസ് പി. ഗോപിനാഥ് വിധി പറഞ്ഞത്.

ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.