ലക്‌നൗ: സര്‍ക്കാര്‍ നിലവില്‍ വന്ന് 16 മാസം കൊണ്ട് സംസ്ഥാന പൊലീസ് 3000 ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് യോഗി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവാദമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നേട്ടമായി അവതരിപ്പിക്കുന്നത്.
2018 ജൂലൈ വരെ 3026 ഏറ്റുമുട്ടലുകള്‍ നടന്നു. ഇതില്‍ 69 പേരെ കൊന്നു. 838 പേര്‍ക്ക് പരിക്കേറ്റു. 7043 ക്രിമിനലുകളെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ശരാശരി കണക്കുകള്‍ പ്രകാരം ഒരു ദിവസം ആറ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഇവയില്‍ ഒരോ മാസവും നാലു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന റിപ്പോര്‍ട്ടില്‍ 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും 109 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വിഷയം ഗുരുതരമാണെന്നും സുപ്രീംകോടതി പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇവ നേട്ടമായി ഉയര്‍ത്തിക്കാട്ടിയുള്ള സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ പൊലീസ് എന്‍കൗണ്ടറുകളില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചിരുന്നത്. കേസ് ഫെബ്രുവരി 12ന് പരിഗണിക്കാനിരിക്കുകയാണ്. വിഷയത്തില്‍ യു.പി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിരുന്നു.