World News
ട്രംപിന്റെ നിര്‍ദേശങ്ങള്‍ പാലിക്കില്ലെന്ന് അറിയിച്ചതോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ 2.3 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ട് റദ്ദാക്കി ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Tuesday, 15th April 2025, 8:40 am

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ക്യാമ്പസില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അറിയച്ചതോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടുകള്‍ മരവിപ്പിക്കുകയാണെന്ന് യു.എസ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ജൂതവിരുദ്ധതയ്ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പട്ടിക പാലിക്കില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇന്നലെ (തിങ്കളാഴ്ച) പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഫണ്ടിങ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹാര്‍വാര്‍ഡിന്റെ 2.2 ബില്യണ്‍ ഡോളര്‍ ഗ്രാന്റുകളും 60 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന കരാറുകളും മരവിപ്പിക്കുകയാണെന്നാണ് ടാസ്‌ക് ഫോഴ്സ് അറിയിച്ചത്.

വെള്ളിയാഴ്ച ഹാര്‍വാര്‍ഡിന് അയച്ച കത്തില്‍ ക്യാമ്പസില്‍ വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

പ്രതിഷേധക്കാര്‍ ധരിക്കുന്ന മുഖംമൂടികള്‍ നിരോധിക്കണമെന്നും പ്രതിഷേധത്തിനിടെ സര്‍വകലാശാലാ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്നുമെല്ലാം നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളേയോ ക്ലബ്ബുകളേയോ അംഗീകരിക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ധനസഹായം നല്‍കരുതെന്നും ഭീകരതയെയോ ജൂത വിരുദ്ധതയെയോ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയാന്‍ പ്രവേശന പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നുമാണ് ഭരണകൂടം നിര്‍ദേശിച്ച പ്രധാന നിര്‍ദേശങ്ങള്‍.

ഇന്നലെ ഹാര്‍വാര്‍ഡ് കമ്മ്യൂണിറ്റിക്ക് അയച്ച കത്തില്‍ ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍, ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ സര്‍വകലാശാലയുടെ ഒന്നാം ഭേദഗതിയില്‍ നിര്‍ദേശിച്ചിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാര്‍ത്ഥികളുടെ വംശം, നിറം അല്ലെങ്കില്‍ ദേശം എന്നിവയെപ്പറ്റിയുള്ള വിവേചനം നിരോധിക്കുന്ന ചട്ടങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

‘ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും ഒരു സര്‍ക്കാരും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് എന്ത് പഠിപ്പിക്കാം, ആരെ പ്രവേശിപ്പിക്കാം, നിയമിക്കാം, ഏതൊക്കെ പഠന, ഗവേഷണ മേഖലകള്‍ പിന്തുടരാം എന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കരുത്,’ ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ പറഞ്ഞു. സര്‍വകലാശാലയിലെ ജൂതവിരുദ്ധതെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ഹാര്‍വാര്‍ഡ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പുറമെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ഫെഡറല്‍ ഫണ്ട് വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം വിദ്യാഭ്യാസ വകുപ്പ് ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള 60 സര്‍വകലാശാലകള്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. അതില്‍ ക്യാമ്പസുകള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൗരാവകാശ നിയമപ്രകാരം അവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ച ഫെഡറല്‍ കരാറുകളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് പുതിയ നടപടി.

യു.എസിലെ തന്നെ മറ്റൊരു സര്‍വകലാശാലയായ കൊളംബിയ യൂണിവേഴ്സിറ്റിയുടെഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതിന് പിന്നാലെയാണ് ഹാര്‍വാര്‍ഡിനെതിരായ നടപടി.

മാര്‍ച്ച് ഏഴിനാണ് ട്രംപ് ഭരണകൂടം കൊളംബിയയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും പിന്‍വലിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റി അതിന്റെ കാമ്പസില്‍ അക്രമവും ജൂതവിരുദ്ധ പീഡനവും അനുവദിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് കരാറുകളും ഗ്രാന്റുകളും തിരികെ ലഭിക്കുന്നതിന് സര്‍വകലാശാല പാലിക്കേണ്ട ആവശ്യങ്ങളുടെ ഒരു പട്ടിക ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇത് പാലിക്കാമെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചിരുന്നു.

Content Highlight: Administration cancels $2.3 billion in federal funding for Harvard University after it says it will not comply with Trump’s directives