'ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍; ഇരുകാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താനുള്ള കഴിവ്'; ഇതിഹാസത്തെ പ്രശംസിച്ച് സ്പാനിഷ് താരം
Football
'ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍; ഇരുകാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താനുള്ള കഴിവ്'; ഇതിഹാസത്തെ പ്രശംസിച്ച് സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 4:24 pm

 

കരിയറില്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ഫുള്‍ഹാം എഫ്.സിയുടെ സ്പാനിഷ് താരം അദാമ ട്രയോരെ. 2015ല്‍ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ബാഴ്സലോണക്കായി കളിച്ചിട്ടുള്ള താരമാണ് ട്രയോരെ. ആ കാലയളവില്‍ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുകയായിരുന്നു റോണോ.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റോണോയെന്നും അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പറയുകയായിരുന്നു ട്രയോരെ. ഇരു കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ട്രയോരെ പറഞ്ഞു. സിംപ്ലി ദ ബെസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ്ട്രയോരെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഫുട്ബോളില്‍ എനിക്കേറ്റവും ഇഷ്ടമുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ക്വിക്ക് ഫീറ്റ് ഷോട്ടുകള്‍ വളരെ ആകര്‍ഷണീയമാണ്. മാത്രവുമല്ല രണ്ട് കാലുകളും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിലുള്ള റോണോയുടെ കഴിവും എടുത്തു പറയേണ്ടതാണ്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാള്‍ഡോ, അദാമ ട്രയോരെ പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ ചെലവഴിച്ച ഒമ്പത് സീസണില്‍ നിന്ന് 450 ഗോളും 131 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2018ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റ്സിലേക്ക് ചേക്കേറുന്നത്.

തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരത്തെ കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി രണ്ട് വര്‍ഷത്തെ കരാറില്‍ അല്‍ നസര്‍ സ്വന്തമാക്കിയത്. റോണോയുടെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തില്‍ കുതിപ്പ് തുടരുകയാണ് അല്‍ നസര്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ കളിക്കുന്ന അല്‍ നസര്‍ നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. പെര്‍സെപോളിസ്, ഇസ്തിക് ലോല്‍ ക്ലബ്ബുകളെയാണ് അല്‍ ആലാമി മുന്‍ മത്സരങ്ങളില്‍ കീഴ്‌പ്പെടുത്തിയത്.

നവംബര്‍ ഏഴിനാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ദുഹൈലിനെതിരായ രണ്ടാം പാദ പോരാട്ടമാണ് അത്.

Content Highlights: Adama Traore praises Cristiano Ronaldo