Film News
നിര്‍ബന്ധിച്ച് ആരും ചായക്കും ഡിന്നറിനും കൊണ്ടുപോകില്ല, ആളുകള്‍ ചോദിക്കും, എങ്ങനെ നില്‍ക്കണം എന്നുള്ളത് നമ്മുടെ തീരുമാനമാണ്: കാസ്റ്റിങ് കൗച്ചിനെ പറ്റി യമുന റാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 17, 08:11 am
Friday, 17th February 2023, 1:41 pm

സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടി യമുന റാണി. പല തരത്തിലും ആളുകള്‍ പലതും ആവശ്യപ്പെടുമെന്നും എന്നാല്‍ എങ്ങനെ നില്‍ക്കണമെന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും യമുന റാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടി നല്‍കിയ ഉപദേശത്തെ പറ്റിയും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ യമുന പറഞ്ഞു.

‘ഇന്നത്തെ പോലെ തന്നെ അന്നും ആളുകള്‍ ചോദിക്കും. നേരിട്ടും അല്ലാതെയും ചോദിക്കും. എങ്ങനെ നില്‍ക്കണം എന്നുള്ളത് നമ്മളുടെ തീരുമാനമാണ്. എന്റെ അനുഭവമാണ് പറയുന്നത്. നമ്മള്‍ ഏത് വഴി തിരഞ്ഞെടുത്ത് സിനിമയില്‍ വരണമെന്നത് നമ്മളുടെ തീരുമാനമാണ്.

ഒരു ഉദാഹരണം പറയാം. മമ്മൂക്കയുടെ കൂടെയായിരുന്നു ആദ്യത്തെ സിനിമ. സ്റ്റാലിന്‍ ശിവദാസ്, ആ സിനിമയില്‍ എന്റെ ആദ്യത്തെ ഷോട്ടും മമ്മൂക്കയുടെ കൂടെയായിരുന്നു. അന്ന് അദ്ദേഹം ഒരു കാര്യം പറഞ്ഞുതന്നു. സിനിമ എന്നത് ഒരു വലിയ ഇന്‍ഡസ്ട്രിയാണ്. അവിടെ നമ്മള്‍ എങ്ങനെ മുന്നോട്ട് പോകണം എന്നത് നമ്മള്‍ തീരുമാനിക്കുന്നതാണ്, എന്നാണ് മമ്മൂക്ക പറഞ്ഞു തന്നത്.

ഞാന്‍ ഇന്നും അതാണ് പിന്തുടരുന്നത്. നമ്മളെ ഒരാള്‍ ചായ കുടിക്കാനോ കോഫി കുടിക്കാനോ ഡിന്നറിനോ വിളിച്ചാല്‍ പോകണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. ചായ കുടിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അത് നമ്മളുടെ തീരുമാനമാണ്. ആരും നിര്‍ബന്ധിച്ച് കോഫി കുടിക്കാനും കൊണ്ടുപോകുന്നില്ല, ഡിന്നറിനും കൊണ്ടുപോകുന്നില്ല,’ യമുന പറഞ്ഞു.

സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് അഭിനയം നിര്‍ത്തിയതിനെ പറ്റിയും യമുന അഭിമുഖത്തില്‍ സംസാരിച്ചു. ‘ഒരു കാലഘട്ടത്തില്‍ എല്ലാ സിനിമകളിലും എന്റെ സാന്നിധ്യമുണ്ടായിരുന്നു. 99 മുതല്‍ 2003 വരെയുള്ള മിക്ക പടത്തിലും ഞാനുണ്ട്. അത് ഞാനായിരുന്നുവെന്ന് ഇപ്പോഴാണ് ആളുകള്‍ക്ക് മനസിലാവുന്നത്. നോട്ടബിളായ ഇത്രയും കഥാപാത്രങ്ങളെ ചെയ്തിട്ട് എന്താണ് സിനിമയില്‍ നിന്നും മാറി നിന്നത് എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. പിന്നെ മക്കളെ നോക്കണ്ടേ. അതുകൊണ്ട് മാറിനിന്നു,’ യമുന പറഞ്ഞു.

Content Highlight: actress yamuna rani talks about casting cough